വിംബിൾഡണിൽ വനിതാ വിഭാഗത്തിൽ ഇറ്റലിയുടെ ജാസ്മിൻ പൗളീനി ഫൈനലിന് യോഗ്യത നേടി. മൂന്ന് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിൽ ക്രൊയേഷ്യയുടെ ഡോണ വെക്കിച്ചിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ 2-6,6-4,7-6. വിംബിൾഡൺ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇറ്റാലിയൻ താരമാണ് പൗളീനി.
ഒരേ വർഷം തന്നെ ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും ഫൈനലിൽ എത്തിയെന്ന പ്രത്യേകതയും പൗളീനയുടെ നേട്ടത്തിലുണ്ട്. 2016 ൽ സെറീന വില്യംസാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രജികോവയാണ് എതിരാളി.
2022 ലെ വിംബിൾഡൺ ജേതാവ് ലേന റൈബാകിനയെ പരാജയപ്പെടുത്തിയാണ് ക്രജികോവ ഫൈനലിന് യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ജയം. സ്‌കോർ 3-6,6-3,6-4. 2021 ലെ ഫ്രഞ്ച് ഓപ്പൺ ജേതാവ് ആയ ക്രജികോവ 10 തവണ ഡബിൾസ് ഗ്രാന്റ്സ്ലാമിൽ കിരീടം നേടിയിട്ടുണ്ട്.
ഇന്ന് നടക്കുന്ന പുരുഷ വിഭാഗം സെമി ഫൈനലിൽ കർലോസ് അൽകാരസ് ഡാനിൽ മെദ്വദേവുമായും നൊവാക് ജോക്കോവിച്ച് ലോറെൻസോ മുസേറ്റിയുമായും ഏറ്റുമുട്ടും. പുരുഷ വിഭാഗം ഡബിൾസ് ഫൈനലിൽ ഓസീസ് ജോഡികളായ മാക്‌സ് പർസെലും ജോർദാൻ തോംസൺ സഖ്യം ഹെന്റി പാറ്റൺ- ഹാരി ഹെലിയോവാര ജോഡിയെ നേരിടും. വനിതാ ഡബിൾസിൽ ഫൈനലിന് യോഗ്യത നേടുന്ന ടീമുകളെയും ഇന്ന് അറിയാം.















