തൃശ്ശൂര്‍: ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പരാജയപ്പെട്ട സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ തൃശ്ശൂർ മേയർ എം.കെ. വർഗീസിനെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്ത്.എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടിയാണ് മേയർ പ്രവർത്തിച്ചത് എന്നും എം കെ. വർഗീസിനെ മേയർ സ്ഥാനത്ത് നിന്നും മാറ്റണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മേയര്‍ എന്ന നിലയില്‍ എം കെ. വർഗീസ് പ്രവര്‍ത്തിച്ചില്ലെന്നും ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാടും സ്വീകരിച്ചില്ലെന്നും . ആയിരക്കണക്കിന് കോടിയുടെ വികസനം നടത്തിയിട്ടുള്ള, ഇടതുപക്ഷത്തിന്റെ എം.എൽ.എ ആയിരുന്ന താന്‍ ഇവിടെ മത്സരിക്കുമ്പോള്‍, അത് പറയാതെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ മഹിമയെക്കുറിച്ച് മേയർ പറഞ്ഞു. എന്നാൽ മേയറുടെ പേരില്‍ ഇടതുപക്ഷ ഐക്യം തകര്‍ക്കാന്‍ താത്പര്യമില്ലെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.
മറ്റൊരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മേയർ എം.കെ വർഗീസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിന്നിൽനിന്ന് കുത്തിയെന്ന് സുനിൽകുമാർ ആരോപിച്ചു. തൃശൂരിലെ തോൽവിയിൽ പൊലീസിനും പങ്കുണ്ടെന്നും സുനിൽകുമാർ ആരോപിച്ചു. പൂരം പൊളിക്കാനുള്ള സംഘ്പരിവാർ അജണ്ടയിൽ പൊലീസ് കമ്മീഷണർ വീണു എന്നും . പൂരത്തിൽ വെടിക്കെട്ട് മാറ്റുന്നതടക്കമുള്ള തീരുമാനങ്ങൾ കമ്മീഷണർ സ്വന്തം നിലക്ക് സ്വീകരിച്ചു . പൂരം നടത്തിപ്പിൽ പ്രവർത്തനപരിചയമുള്ള പൊലീസുകാരെ കമ്മീഷണർ പൂർണമായി മാറ്റിനിർത്തിയെന്നും സുനിൽകുമാർ ആരോപിച്ചു.
നേരത്തെ സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും തൃശ്ശൂർ മേയർ എം.കെ. വർഗീസ് പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പുകഴ്‌ത്തിയ മേയറുടെ നടപടി വിവാദമായിരുന്നു. വിവാദമായപ്പോൾ സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർഥികളും ഫിറ്റാണെന്ന് അദ്ദേഹം തിരുത്തി. തന്റേത് വികസനതാത്‌പര്യം മാത്രമാണെന്നായിരുന്നു വിഷയത്തിൽ മേയറുടെ വിശദീകരണം.















