ഹൈദരാബാദ്: തെലങ്കാനയിലെ മേദക് ജില്ലയിലെ സർക്കാർ സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മാദ്ധ്യമ വാർത്തകളിലൂടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും വിഷയം ഗൗരവകരമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രഭാതഭക്ഷണമായി വിദ്യാർത്ഥികൾക്ക് നൽകിയ ഉപ്പുമാവിലാണ് പല്ലിയെ കണ്ടെത്തിയത്.
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി പ്രകാരമാണ് സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം പാകം ചെയ്ത് നൽകുന്നത്. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. പിഎം പോഷൻ എന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് കീഴിൽ വരുന്നതല്ല ഇതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പിഎം പോഷൺ പദ്ധതി പ്രകാരം സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾ
ചൂടോടെയാണ് വിദ്യാർത്ഥികൾക്ക് നൽകുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും നിർദേശിച്ചിട്ടുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞയാഴ്ചയാണ് വിദ്യാർത്ഥികൾക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. തുടർന്ന് മൂന്ന് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. 40-ഓളം വിദ്യാർത്ഥികളാണ് ഭക്ഷണം കഴിച്ചത്. വിദ്യാർത്ഥികൾക്ക് നൽകിയതിന് ശേഷമാണ് ഉപ്പുമാവിൽ പല്ലി വീണുകിടക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഭക്ഷണം കഴിച്ച മൂന്ന് പേർക്ക് കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.