ഹൈദരാബാദ്: തെലങ്കാനയിലെ പെദ്ദപള്ളി ജില്ലയിലെ ഗാരെപള്ളി ഗ്രാമത്തിലുള്ള ക്ഷേത്രത്തിൽ 12-ാം നൂറ്റാണ്ടിലെ വേണുഗോപാലസ്വാമിയുടെ അപൂർവ വിഗ്രഹം കണ്ടെത്തി. കോത തെലങ്കാന ചരിത്ര ബൃന്ദം (കെടിസിബി) എന്ന തെലങ്കാന അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്ര ഗവേഷക സംഘമാണ് ഇത് കണ്ടെത്തിയത്.
കല്യാണിയിലെ ചാലൂക്യരുടെ കാലഘട്ടത്തിലെയാണ് ഈ വേണുഗോപാലസ്വാമിവിഗ്രഹം എന്ന് അനുമാനിക്കുന്നു. കൈകളിൽ പുല്ലാങ്കുഴൽ പിടിച്ചിരിക്കുന്ന വിഗ്രഹത്തിന്റെ തലയുടെ പിൻഭാഗത്ത് പ്രഭാവലി, ഒരു മാല, ചെറിയ മണികളുള്ള ബെൽറ്റ്, ഊരുദാസ് എന്ന വസ്ത്രം, ജയമാല എന്ന വൈഷ്ണവ പാരമ്പര്യവുമായി ബന്ധപ്പെട്ട ഒരു മാല, കരകങ്കണങ്ങൾ, പാദസരങ്ങൾ എന്നിവ ഉണ്ട്. ഇത് സാധാരണ ദശാവതാരങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.
സ്വാതികാസനത്തിൽ നിൽക്കുന്ന വിഗ്രഹത്തിനോടൊപ്പം മൂർത്തിയുടെ ഭാര്യമാരായ നീലയും ഭൂദേവിയുമുണ്ടായിരുന്നു.
ശ്രീകോവിലിൽ ഒരു യോഗശയനമൂർത്തി വിഗ്രഹവും കണ്ടെത്തി. ഈ കണ്ടെത്തൽ പ്രദേശത്തിന്റെ ചരിത്ര വിവരണത്തെ സമ്പന്നമാക്കുന്നതായി , കോത തെലങ്കാന ചരിത്ര ബൃന്ദം കൺവീനർ ശ്രീരാമോജു ഹരഗോപാൽ പറഞ്ഞു.