ന്യൂഡൽഹി: എഎപി എം പി സ്വാതി മാലിവാളിനെ ആക്രമിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായിയായ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് അനൂപ് കുമാർ മെൻഡിരട്ട അധ്യക്ഷനായ ബെഞ്ചാണ് ബിഭവ് കുമാറിന് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ബുധനാഴ്ച കേസ് പരിഗണിച്ച കോടതി ഉത്തരവ് പറയുന്ന ദിവസം ജൂലൈ 12 ലേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.
കഴിഞ്ഞ മെയ് 13 ന് ആണ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽ വച്ച് സ്വാതി മാലിവാളിനെ മർദ്ദിക്കുന്നത്. തുടർന്ന് കഴിഞ്ഞ മെയ് 18 ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭീഷണിപ്പെടുത്തൽ, ബലപ്രയോഗം, വധശ്രമം തുടങ്ങീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുമാറിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബിഭവ് കുമാർ. ഇയാൾ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടി മെയ് 27 നും ജൂൺ 7 നും കോടതി ജാമ്യം നിഷേധിച്ചിരുന്നു.