വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന് മരണാന്തര ബഹുമതിയായി ലഭിച്ച കീർത്തിചക്ര മരുമകൾ കൈവശപ്പെടുത്തിയെന്ന് അൻഷുമാന്റെ മാതാപിതാക്കൾ. സ്മൃതി പുരസ്കാരവും ഫോട്ടോ ആൽബവും തുണികളുമടക്കമുള്ള എല്ലാ ഓർമകളും പഞ്ചാബ് ഗുരുദാസ്പൂറിലെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് ആരോപണം.
സൈന്യത്തിന്റെ മെഡിക്കൽ കോർപ്സ് ആംഗമായിരുന്ന സിംഗ് കഴിഞ്ഞ ജൂലായിൽ സിയാച്ചിനിലുണ്ടായ തീപിടിത്തത്തിൽ നിന്ന് ആൾക്കാരെ രക്ഷിക്കുന്നതിനിടെയാണ് വീരമൃത്യുവരിച്ചത്.ഭാര്യ സ്മൃതിയും സിംഗിന്റെ മാതാവ് മഞ്ജു സിംഗും ചേർന്നാണ് ജൂലായ് അഞ്ചിന് കീർത്തിചക്ര രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങിയത്. മകന്റെ ഔദ്യോഗിക രേഖകളിലെ വിലാസവും മരുമകൾ തിരുത്തിയെന്നും പിതാവ് രവി പ്രതാപ് സിംഗ് പറഞ്ഞു. ലക്നൗവിൽ നിന്ന് ഗുരുദാസ്പൂറിലേക്കാണ് വിലാസം മാറ്റിയത്.
വീരമൃത്യുവരിച്ച സൈനികന്റെ ഭാര്യക്കൊപ്പം മാതാപിതാക്കൾക്കും എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകണമെന്നും അദ്ദേഹം പറഞ്ഞു. കീർത്തി ചക്ര പോലുള്ള ബഹുമതികളുടെ ഒരു പകർപ്പ് ഭാര്യക്കൊപ്പം മാതാപിതാക്കൾക്കും നൽകണം. കീർത്തി ചക്ര തനിക്ക് ഒന്നു സ്പർശിക്കാൻ പോലും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.















