ലക്നൗ: യുവാവിനെ വിടാതെ പിന്തുടർന്ന് പാമ്പ്. ഉത്തർപ്രദേശ് സ്വദേശിയായ 24-കാരന് വീണ്ടും പാമ്പ് കടിയേറ്റു. ഒന്നര മാസത്തിനിടെ ഇത് ഏഴാം തവണയാണ് വികാസ് ദുബെയിക്ക് പാമ്പ് കടിയേൽക്കുന്നത്. കഴിഞ്ഞ ആറ് തവണയും അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടതെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടിൽ വച്ചാണ് യുവാവിന് പാമ്പ് കടിയേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. ജൂൺ രണ്ടിനും ജൂലൈ ആറിനുമിടയിൽ ആറ് തവണയാണ് പാമ്പ് കടിയേറ്റത്. ആവർത്തിച്ചുള്ള സംഭവത്തിൽ വളരെ ആശങ്കയിലാണ് യുവാവും കുടുംബവും.
തുടർച്ചയായി പാമ്പ് കടിയേറ്റതോടെ താമസസ്ഥലത്തെ പ്രശ്നമായിരിക്കും എന്നാണ് വീട്ടുകാർ ആദ്യം കരുതിയിരുന്നത്. പിന്നീട് ബന്ധുവീടുകളിലേക്ക് മാറി താമസിച്ചെങ്കിലും അവിടെയും രക്ഷ ഉണ്ടായിരുന്നില്ല. ജൂൺ രണ്ടിനാണ് വികാസിന് ആദ്യമായി പാമ്പ് കടിയേൽക്കുന്നത്. എല്ലാ തവണയും യുവാവ് അത്ഭുതകരമായാണ് രക്ഷപ്പെടുന്നതെന്ന് ചികിത്സിച്ച ഡോക്ടർമാർ പ്രതികരിച്ചിരുന്നു.
ശനിയാഴ്ച ദിവസമോ ഞായറാഴ്ചയോ ആണ് പാമ്പ് കടിയേൽക്കുന്നതെന്നും അതിനാൽ വളരെയധികം ശ്രദ്ധിച്ചാണ് കഴിഞ്ഞിരുന്നതെന്നും വികാസ് നേരത്തെ പറഞ്ഞിരുന്നു. വികാസിന്റെ ആരോഗ്യനില മുമ്പത്തെ പോലെയല്ലെന്നും 24 മണിക്കൂർ കഴിഞ്ഞാൽ മാത്രമേ ആരോഗ്യാവസ്ഥയെ കുറിച്ച് വ്യക്തമായി എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂവെന്നും ഡോക്ടർ പറഞ്ഞു.