അടിയന്തരാവസ്ഥയിലൂടെ ഏകാധിപതിയായി ഭരിച്ച മുൻ പ്രധാനമന്ത്രി ഇന്ധിരാ ഗാന്ധിയുടെ അധികാര ദുർവിനിയോഗത്തെ ഓർമിപ്പിച്ച് ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ ലജ്ജ മറയ്ക്കാൻ പുതിയ നീക്കവുമായി കോൺഗ്രസ്. പ്രതിഷേധങ്ങൾ നടത്തുന്ന സമയത്ത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പ്രതിപക്ഷത്തിന് ഭരണഘടനയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊടുത്ത കേന്ദ്രസർക്കാരിന്റെ നീക്കം നാണക്കേടായതോടെയാണ് അതിവേഗം മറുപടിയുമായി കോൺഗ്രസ് എത്തിയത്. ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമാണെന്ന് അമിത് ഷാ പ്രഖ്യാപിച്ചതോടെ, ജൂൺ നാല് മോദി-മുക്തി ദിനമായി പ്രഖ്യാപിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു.
ഭരണകൂട ഭീകരത നേരിട്ടവരുടെ പോരാട്ടത്തെ ആദരിക്കുന്നതിനും അധികാര ദുർവിനിയോഗത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് ആണയിട്ട് ഉറപ്പിക്കുന്നതിനും വേണ്ടിയായിരുന്നു അടിയന്തരാവസ്ഥ ദിനം ഭരണഘടനാ ഹത്യാ ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് മോദി-മുക്തി ദിനവുമായി രംഗത്തെത്തിയത്. തുടർച്ചയായ മൂന്നാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിലും ഭരണപക്ഷത്തിരിക്കാൻ കോൺഗ്രസിന് ജനം അവസരം നൽകാതിരുന്ന ജൂൺ നാലാണ് മോദി-മുക്തി ദിനമായി ജയ്റാം രമേശ് വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ധാർമികമായി പരാജയപ്പെട്ടുവെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. അജൈവികമായ പ്രധാനമന്ത്രിയായ മോദി കഴിഞ്ഞ പത്ത് വർഷം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇവിടെ പ്രഖ്യാപിച്ചിരുന്നതെന്നും ജയ്റാം രമേശ് വാദിച്ചു. ഡെമോക്രസിയെ ഡെമോ-കുർസി ആയി പരിഗണിക്കുന്ന നേതാവാണ് മോദി. മനുസ്മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടില്ലെന്ന് പറഞ്ഞ് 1949ൽ ഭരണഘടനയെ നിരസിച്ചവരാണ് പരിവാറുകാർ എന്നും ജയ്റാം രമേശ് ഉന്നയിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ധിരാഗാന്ധിയുടെ നടപടിയെക്കുറിച്ചോ പിന്നീട് നടന്ന ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ചോ മൗനം പാലിക്കുകയാണ് ഈ ഘട്ടത്തിലും കോൺഗ്രസ് നേതൃത്വം ചെയ്തത്.















