കാർത്തി പ്രധാന വേഷത്തിലെത്തുന്ന സർദാർ 2-ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. വരുന്ന 15-നാണ് ചിത്രീകരണം ആരംഭിക്കുന്നത്. ചെന്നൈയിലായിരിക്കും ചിത്രീകരണം നടക്കുന്നത്. ഷൂട്ടിംഗിനായി വമ്പൻ സെറ്റാണ് മുംബൈയിൽ ഒരുക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. അടുത്തിടെയാണ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നത്. പിഎസ് മൈത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം പ്രിൻസ് പിക്‌ചേഴ്‌സാണ് നിർമിക്കുന്നത്. പൂജാ ചടങ്ങിൽ കാർത്തിയുടെ അച്ഛനും മുതിർന്ന നടനുമായ ശിവകുമാറും പങ്കെടുത്തിരുന്നു. പൂജയുടെ ചിത്രങ്ങൾ കാർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
2022-ലാണ് ആക്ഷൻ ത്രില്ലർ ചിത്രമായ സർദാർ പുറത്തിറങ്ങിയത്. റാഷി ഖന്ന, രജിഷ വിജയൻ, ലൈല എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ. കാർത്തി വ്യത്യസ്ത വേഷത്തിലെത്തിയ ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. മൈത്രൻ നിരവധി പുതുമുഖങ്ങളെയും ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരുന്നു. 2022-ൽ തമിഴ് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായിരുന്നു സർദാർ.