ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത് ആം ആദ്മി പാർട്ടിയുടെ വിജയമല്ലെന്ന് ബി.ജെ.പി. കെജ്‌രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത് ജാമ്യത്തിനല്ലെന്നും തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചിയായിരുന്നുന്നവെന്നും ബിജെപി എംപി ബാൻസുരി സ്വരാജ് ചൂണ്ടിക്കാട്ടി.എന്നാൽ കെജ്‌രിവാൾ കുറ്റക്കാരനാണെന്നതിനു ഇഡി നൽകിയ തെളിവുകൾ അംഗീകരിക്കുകയാണ് കോടതി ചെയ്തതെന്ന് ബാൻസുരി പറഞ്ഞു.
“സുപ്രീംകോടതി അദ്ദേഹത്തിന്റെ ആവശ്യം ചെവിക്കൊണ്ടില്ല. പകരം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ പ്രതി കുറ്റക്കാരനെന്നു തെളിയിക്കാൻ ഇഡി മതിയായ തെളിവുകൾ ഹാജരാക്കിയെന്ന് കോടതി കണ്ടെത്തി. കെജ്‌രിവാൾ കുറ്റക്കാരനാണെന്ന് കോടതി അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്,” എംപി പറഞ്ഞു. എഎപി ജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബാൻസുരി ആരോപിച്ചു.
നേരത്തെ ആം ആദ്മി നേതാക്കൾ നടത്തിയ വാർത്ത സമ്മേളനത്തിൽ സുപ്രീംകോടതി വിധി പാർട്ടിയുടെ വിജയമാണെന്നും കേസിനുപിന്നിൽ ബിജെപിയുടെ ഗൂഢാലോചനയാണെന്നുമുള്ള പ്രസ്താവനകൾ നടത്തിയിരുന്നു. ഇഡി കസ്റ്റഡിയിലായിരിക്കെ മദ്യ നയഅഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അറസ്റ്റ് ചെയ്തതിനാൽ ഇടക്കാല ജാമ്യം ലഭിച്ചുവെങ്കിലും കെജ്‌രിവാളിന് പുറത്തിറങ്ങാൻ ആകില്ല.