തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ടിടങ്ങളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം കേരള-തമിഴ്‍നാട് തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. ഇന്ന് രാത്രി 11 :30 വരെ ഉയർന്ന തിരമാലയ്‌ക്കും കടൽഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ആവശ്യമായ ഘട്ടത്തിൽ അപകടമേഖലകളിൽ നിന്നും മാറി താമസിക്കണമെന്നും മത്സ്യ ബന്ധനോപാധികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
മലയോര മേഖലകളിൽ ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഉണ്ടായത്. വരും ദിവസങ്ങളിലും മഴ കണക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. നാളെ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ടും തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്. ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.