ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഈ വർഷം ഒക്ടോബറോടെ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. UCC നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടേയും വ്യവസ്ഥകളുടേയും രൂപീകരണവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ശത്രുഘ്‌നൻ സിൻഹയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ പാനലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ പൂർത്തിയാക്കിയത്.
കരടിലെ വിശദാംശങ്ങൾ പാനൽ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഈ വർഷം ആദ്യം തന്നെ കരടിന് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം ലഭിച്ചിരുന്നു. പാനൽ ഇത് സംസ്ഥാന സർക്കാരിന് കൈമാറുന്നതോടെ ഏകീകൃത സിവിൽകോഡ് നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ പരാമർശിക്കപ്പെട്ടിട്ടും CAA ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇതൊരു ഉത്തമ ആശയമാണ്. അത് സമൂഹത്തിലെ അസമത്വങ്ങൾ നീക്കി സാമൂഹിക ഘടനയെ കൂടുതൽ ശക്തമാക്കുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളോടുള്ള, പ്രത്യേകിച്ച് സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാൻ ഏകീകൃത സിവിൽകോഡ് സഹായകമാകും,” ധാമി പറഞ്ഞു.
മൊത്തം 2 .3 ലക്ഷം നിർദ്ദേശങ്ങൾ ലഭിച്ചുവെന്നും നിയമം തയ്യാറാക്കുന്നതിന് മുൻപ് ജനങ്ങളുടെ അഭിപ്രായം ശേഖരിക്കുന്നതിനായി 43 പൊതുയോഗങ്ങൾ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.















