ന്യൂഡൽഹി: ചൈന-സിക്കിം അതിർത്തി മേഖലയിൽ സന്ദർശനം നടത്തി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. അരുണാചൽ പ്രദേശിലെയും സിക്കിമിലെയും അതിർത്തി പ്രദേശങ്ങളിലെ സുരക്ഷാ സ്ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്തു. സുരക്ഷാ നടപടികളെ കുറിച്ച് സൈനികർക്ക് നിർദേശം നൽകി.
മണിപ്പൂരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. ചൈനയുടെ അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന സൈനികരുടെ പ്രവർത്തനങ്ങളെ കുറിച്ചും തയ്യാറെടുപ്പുകളെ കുറിച്ചും ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സുക്ന സന്ദർശനത്തിനിടെ സിക്കിമിൽ നടക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അദ്ദേഹം പരിശോധിച്ചു.
കിഴക്കൻ കരസേനാ കമാൻഡർ ലഫ്റ്റനൻ്റ് ജനറൽ ആർ സി തിവാരിയും ഉപേന്ദ്ര ദ്വിവേദിക്കൊപ്പം സന്ദർശന വേളയിലുണ്ടായിരുന്നു. ജൂൺ 30-ന് കരസേനാ മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ജനറൽ ദ്വിവേദിയുടെ ആദ്യ വടക്കുകിഴക്കൻ സന്ദർശനമാണിത്.