ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് മുമ്പ് രൂപീകരിച്ച പാനലിന്റെ റിപ്പോർട്ട് പുറത്ത്. അഞ്ചംഗ കമ്മിറ്റിയിടെ റിപ്പോർട്ടിൽ യുസിസി നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നു. സമൂഹത്തിൽ സമത്വം സൃഷ്ടിക്കുക, നീതി, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയെ കുറിച്ചുള്ള കാഴ്‌ച്ചപ്പാട് ജനങ്ങളിൽ സൃഷ്ടിക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലിവ്-ഇൻ ബന്ധങ്ങളുടെ നിർബന്ധിത രജിസ്ട്രേഷൻ, മതം നോക്കാതെ ബഹുഭാര്യത്വം അവസാനിപ്പിക്കുക, കോടതി ഉത്തരവിലൂടെ മാത്രം വിവാഹമോചനം അനുവദിക്കുക എന്നിവയ്‌ക്ക് യുസിസി നിയമം ഏറെ പ്രയോജനകരമാകുമെന്നും റിപ്പോർട്ടിലുണ്ട്.
ഫീൽഡ് സന്ദർശനങ്ങൾ, നിലവിലുള്ള ദേശീയ അന്തർദേശീയ നിയമനിർമ്മാണങ്ങൾ, നിയമ കമ്മീഷന്റെ റിപ്പോർട്ടുകൾ, പാർലമെൻ്ററി കമ്മിറ്റികളുടെ റിപ്പോർട്ടുകൾ, ഭരണഘടനാ അസംബ്ലി ചർച്ചകൾ എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നിയമങ്ങളിലെ പല സങ്കീർണതകളും ലഘൂകരിക്കും, ജനങ്ങൾക്ക് വേഗത്തിൽ നീതി ലഭിക്കും, എല്ലാവർക്കും ഒരു ഏകീകൃത സംവിധാനം നടപ്പിലാക്കൻ സാധിക്കും എന്നിവയാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയതോടെ ലഭിക്കുന്ന നേട്ടമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു.
2022 മെയ് മാസത്തിൽ റിട്ടയേർഡ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ ഏകീകൃത സിവിൽ കോഡിനായി അഞ്ചംഗ വിദഗ്ധ ഡ്രാഫ്റ്റ് കമ്മിറ്റി രൂപീകരിച്ചത്. കരട് റിപ്പോർട്ടും പുറത്തിക്കിയ സാഹചര്യത്തിൽ ഒക്ടോബർ മുതൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ വരാനാണ് സാധ്യത.