ചണ്ഡീഗഡ്: ഖാലിസ്ഥാൻ വിഘടനവാദ അനുകൂല എംപി വാരിസ് പഞ്ചാബ് ദേയുടെ നേതാവുമായ ഖാദൂർ സാഹിബ് എംപി അമൃത്പാൽ സിങ്ങിന്റെ സഹോദരൻ ഹർപ്രീത് സിങ്ങിനെയും സുഹൃത്തിനെയും മയക്കുമരുന്നു കൈവശം വെച്ച എൻഡിപിഎസ് നിയമപ്രകാരം പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.
ഫില്ലൂർ-അമൃത്സർ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഹർപ്രീത് സിംഗ്, ലവ്പ്രീത് സിംഗ് എന്നിവരെ ഫില്ലൂർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്ന് അഞ്ചു ഗ്രാം മെത്താംഫെറ്റാമൈൻ കണ്ടെടുത്തു. തുടർന്ന് രാത്രി വൈകി ഇരുവരെയും വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയപ്പോൾ മയക്കുമരുന്ന് പോസിറ്റീവായി. ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഇരുവരും മയക്കുമരുന്ന് വാങ്ങിയ ലുധിയാന ജില്ലയിലെ ഹെബോവൽ സ്വദേശിയായ സന്ദീപ് അറോറക്കെതിരെയും കേസുണ്ട്. ഇയാൾക്ക് ഇരുവരും പേടിഎം വഴി 10,000 രൂപ നൽകിയതായും കണ്ടെത്തി. ഫില്ലൂർ പൊലീസ് സ്റ്റേഷനിൽ എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പരിശോധനയ്‌ക്കിടെ ഹർപ്രീതിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് പാതി കത്തിയ 20 രൂപ നോട്ടും പൈപ്പിലേക്ക് ഉരുട്ടിയ നിലയിൽ മറ്റൊരു പോക്കറ്റിൽ നിന്ന് 4 ഗ്രാം മെത്താംഫെറ്റാമൈൻ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഇവരുടെ പക്കൽ നിന്ന് ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിലും കണ്ടെടുത്തു. ഡ്രൈവറുടെ സീറ്റിനരികിൽ സൂക്ഷിച്ചിരുന്ന പഴ്സിൽ നിന്ന് മയക്കുമരുന്ന് ശ്വസിക്കാൻ ഉപയോഗിക്കുന്ന ഒരു സിൽവർ പേപ്പറും ലൈറ്ററും പിടിച്ചെടുത്തു. .
സംഭവവികാസങ്ങൾജലന്ധർ (റൂറൽ) സീനിയർ പോലീസ് സൂപ്രണ്ട് അങ്കുർ ഗുപ്ത സ്ഥിരീകരിച്ചു.ഹർപ്രീത് സിംഗ്, ലവ്പ്രീത് സിംഗ് എന്നിവരിൽ നിന്ന് 4 ഗ്രാം മെത്ത് പോലീസ് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഇവരെ ചോദ്യം ചെയ്തപ്പോൾ ലുധിയാനയിലെ സന്ദീപ് അറോറയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നും പേടിഎം വഴിയാണ് പണം നൽകിയതെന്നും അവർ വെളിപ്പെടുത്തി എന്നും പോലീസ് സ്ഥിരീകരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഖാദൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് അമൃതപാൽ വിജയിച്ചിരുന്നു. പഞ്ചാബി നടൻ ദീപ് സിദ്ധുവിന്റെ മരണശേഷം അമൃത്പാലാണ് ഇപ്പോൾ ‘വാരിസ് പഞ്ചാബ് ദേ’ എന്ന വിഘടന വാദി ഗ്രൂപ്പിന്റെ തലവൻ.