ഗുഹാവത്തി: മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക കാഷ്വൽ ലീവുമായി അസം സർക്കാർ. സ്വന്തം മാതാപിക്കാൾക്കൊപ്പമോ പങ്കാളിയുടെ മാതാപിതാക്കൾക്കൊപ്പമോ സമയം ചെലവാക്കാൻ അവധി പ്രയോജപ്പെടുത്താം. ഇതനുസരിച്ച് നവംബർ ആറ്, എട്ട് തീയതികളിൽ അവധി എടുക്കാമെന്ന് അസം മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
“മാതാപിതാക്കളുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ഒരു ഉത്തമ പൗരനെന്ന നിലയിൽ, മാതാപിതാക്കളുടെ ക്ഷേമം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ പറഞ്ഞു.
പ്രായമായ മാതാപിതാക്കളെ പരിപാലിക്കാനോ ആദരിക്കാനോ സമയം ചെലവഴിക്കാനോ മാത്രമായിരിക്കും ഈ അവധി ഉപയോഗിക്കേണ്ടത്, അല്ലാതെ വ്യക്തിപരമായ സന്തോഷത്തിനോ നേരംപോക്കിനോ അവധി ഉപയോഗിക്കരുത്. നവംബർ 7 ന് ഛത് പൂജ, നവംബർ 9 ന് രണ്ടാം ശനിയാഴ്ച, നവംബർ 10 ന് ഞായറാഴ്ച എന്നീ അവധി ദിനങ്ങൾക്കൊപ്പം ക്വാഷൽ ലീവ് പ്രയോജനപ്പെടുത്താം. അവശ്യ സർവീസുകളിലെ സർക്കാർ ജീവനക്കാർക്ക് ഘട്ടം ഘട്ടമായി അവധി പ്രയോജനപ്പെടുത്താമെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും 180 ദിവസത്തെ ചൈൽഡ് അഡോപ്ഷൻ ലീവ് പോളിസി അവതരിപ്പിക്കാനും അസം സർക്കാർ തീരുമാനിച്ചു.















