മുംബൈ: 2031ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്ര. 2060 ഓടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാകാൻ രാജ്യത്തിന് കഴിയും, മുസൂറിയിലെ സിവിൽ സർവീസ് അക്കാദമിയിൽ നടന്ന പരിപാടിയിൽ എം. ഡി പത്ര വ്യക്തമാക്കി.
സാമ്പത്തിക രംഗത്തിന്റെ സഹജമായ പ്രകടനം വിലയിരുത്തിയാൽ അടുത്ത ദശകത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാൻ ഇന്ത്യയ്ക്ക് കഴിയും. ഈ നേട്ടത്തിനായി 2048 വരെ കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനായി ഇന്ത്യയിലെ പണപ്പെരുപ്പം ആഗോള പണപ്പെരുപ്പവുമായി ചേർന്ന് പോകണം.
അതുവഴി രൂപയുടെ മൂല്യം സംരക്ഷിക്കപ്പെടും. ഇത് രൂപയുടെ ആഗോളവത്കരണത്തിനും നാളത്തെ ലോകത്തിന്റെ സാമ്പത്തിക ശക്തിയായി ഇന്ത്യയുടെ ഉദയത്തിനും കളമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2024-25ൽ ശരാശരി പണപ്പെരുപ്പം 4.5 ശതമാനവും 2025-26ൽ ഇത് 4.1 ശതമാനവും ആയിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2021-23 കാലയളവിൽ, മൊത്ത ആഭ്യന്തര സമ്പാദ്യ നിരക്ക് മൊത്തം ദേശീയ ഡിസ്പോസിബിൾ വരുമാനത്തിന്റെ ( നേരിട്ടുള്ള നികുതി കുറച്ചതിന് ശേഷം വ്യക്തികൾക്ക് ലഭിക്കുന്ന വരുമാനം) 30.7 ശതമാനമാണ്. അതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, വളർച്ചാ പ്രക്രിയയിൽ വിദേശ വിഭവങ്ങളെ ആശ്രയിക്കേണ്ടതില്ല. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി നിലവിലെ 768 ബില്യൺ ഡോളറിൽ നിന്ന് (ലോകത്തിന്റെ മൊത്തം 2.4 ശതമാനം) 2030-ഓടെ ഒരു ട്രില്യൺ ഡോളറാക്കാനുള്ള (അഞ്ച് ശതമാനം) ശ്രമത്തിലാണ് രാജ്യമെന്നും അദ്ദേഹം വ്യക്തമാക്കി.