പത്തനംതിട്ട: സിപിഎം സ്വീകരണ പരിപാടിയിൽ പങ്കെടുത്ത വധശ്രമക്കേസ് പ്രതി സുധീഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പത്തനംതിട്ട എസ് പി വി അജിത്. കേസ് എടുത്തതുമുതൽ പ്രതി ഒളിവിലായിരുന്നു. ഒളിവിൽ കഴിയുന്ന സമയത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സ്വീകരണം നൽകിയ പരിപാടിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പങ്കെടുത്തതിൽ ഇന്റലിജൻസ് വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരൺ ചന്ദ്രന്റെ പേരിലുള്ള കാപ്പാ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ശരണിന്റെ പേരിൽ കാപ്പ ചുമത്തുന്നതിലെ ആദ്യ ഘട്ടം അവസാനിച്ചു. ആദ്യ ഘട്ടത്തിലെ നിയന്ത്രണം ശരൺ ലംഘിച്ചു. ഈ സമയത്ത് ഒരു കേസിലും പ്രതിയായി. കോടതിയിൽ ആ കേസ് നിലനിൽക്കുന്നുണ്ട്. ഇനി ഒരു കേസിൽ കൂടി പ്രതിയായാൽ ശരൺ ചന്ദ്രനെ നാടുകടത്തുമെന്നും എസ് പി വ്യക്തമാക്കി. എന്നാൽ സുധീഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു സ്വീകരിച്ചത്. സുധീഷിന്റെ പേരിലുള്ള എസ്എഫ്ഐ പ്രവർത്തകർക്കെതിരായ വധശ്രമക്കേസ് ഇനി മുന്നോട്ട് പോകില്ലെന്നും വാദിയും പ്രതിയും ഒത്തുതീർപ്പിന് വേണ്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞത്.
കഴിഞ്ഞ നവംബർ 21-നാണ് പത്തനംതിട്ടയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരായ അക്രമം നടന്നത്. ഇതിൽ ഒന്നാംപ്രതി കാപ്പ കേസിൽ ഉൾപ്പെട്ടിട്ടുള്ള ശരൺ ചന്ദ്രനാണ്. കേസിൽ നാലാം പ്രതിയാണ് സുധീഷ്. ശരൺ ചന്ദ്രൻ കേസിൽ ജാമ്യംനേടിയിരുന്നു. സുധീഷ് പൊലീസിന്റെ വാദം. എന്നാൽ, ശരൺ ചന്ദ്രനൊപ്പം കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നവരിൽ സുധീഷുമുണ്ടായിരുന്നു. കുമ്പഴയിൽ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിലായിരുന്നു ഇവർ ഉൾപ്പെടുന്ന 62 പേർ സിപിഎം അംഗത്വം സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി മാറുകയായിരുന്നു.















