അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തോടനുബന്ധിച്ചുള്ള വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹത്തിന് രാധിക ധരിച്ച വസ്ത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ പാരമ്പര്യത്തിന്റെ തനിമയോടെ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് രാധികയുടെ വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഗുജറാത്തി ലുക്കിലുള്ള രാധികയുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇടം നേടുന്നത്. ചുവന്ന വസ്ത്രത്തിൽ ചുവപ്പും ഗോൾഡും കല്ലുകളും മുത്തുകളും പതിപ്പിച്ച ബനാറസി ബ്രോക്കേഡ് ലഹങ്കയാണ് രാധിക ധരിച്ചിരിക്കുന്നത്.
അതിഥികളായെത്തിയ ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങൾ ഉൾപ്പെടെ മനീഷ് മൽഹോത്രയാണ് ഡിസൈൻ ചെയ്തത്. ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം ഇദ്ദേഹം ഡിസൈൻ ചെയ്ത വസ്ത്രങ്ങളായിരുന്നു ശ്രദ്ധാകേന്ദ്രം.
ഗുജറാത്തി മണവാട്ടികൾ ഒരുങ്ങുന്നത് പോലെയാണ് രാധികയുടെ മേക്കോവർ. മരതക കല്ല് പതിപ്പിച്ച മാലകൾ ധരിച്ച് അതി സുന്ദരിയായാണ് രാധിക വേദിയിലെത്തിയത്. ഗുജറാത്തിലെ കച്ചിലെ പരമ്പരാഗത ഡിസൈനിലായിരുന്നു രാധികയുടെ ബ്ലൗസ് തയ്യാറാക്കിയത്.
കഴിഞ്ഞ ദിവസം ശിവശക്തി പൂജകളോടെയാണ് വിവാഹാഘോഷം ആരംഭിച്ചത്. രാഷ്‌ട്രീയ, ബിസിനിസ് മേഖലയിൽ നിന്ന് നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. ചടങ്ങിന്റെ മാറ്റ് കൂട്ടുന്നതിനായി വിദേശത്ത് നിന്നും അതിഥികൾ വിവാഹത്തിനെത്തി.