ന്യൂഡൽഹി: ലോക്സഭ സ്പീക്കർ ഓം ബിർളയുടെ മകളെ അപകീർത്തിപ്പെടുത്തിയ യൂട്യൂബർ ധ്രുവ് റാഠിക്കെതിരേ പൊലീസ് കേസെടുത്തു. മഹാരാഷ്‌ട്ര പൊലീസിന്റെ സൈബർ സെൽ ആണ് ധ്രുവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സ്പീക്കർ ഓം ബിർളയുടെ മകൾ അഞ്ജലി ബിർള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.എസി പരീക്ഷയിൽ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ ട്വീറ്റ്. അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ് റാഠിയുടെ സമൂഹ മാദ്ധ്യമ പോസ്റ്റ്.
അഞ്ജലിയുടെ ബന്ധുവായ നമാൻ മഹേശ്വരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത് . 2019-ൽ ആദ്യത്തെ പരിശ്രമത്തിൽ തന്നെ അഞ്ജലി പരീക്ഷ വിജയിച്ചിരുന്നു. അനുവാദമില്ലാതെ അഞ്ജലിയുടെ ഫോട്ടോ ഉപയോഗിച്ചതും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ട്വീറ്റിലുള്ളത് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇത് അഞ്ജലിയെ രാജ്യത്തിനകത്തും പുറത്തും അപകീർത്തിപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.