ബെംഗളൂരു: വാൽമീകി കോർപ്പറേഷൻ അഴിമതിക്കേസിൽ മുൻ കർണാടക മന്ത്രി ബി നാഗേന്ദ്രയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവ്. ജൂലൈ 18 വരെയാണ് ബെംഗളൂരു കോടതി കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം നാഗേന്ദ്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബെംഗളൂരു കോടതിയിൽ ഹാജരാക്കുകയായിരുന്നു.
വാൽമീകി വികസന കോർപ്പറേഷനിലെ കോടികളുടെ ഫണ്ട് തിരിമറിക്കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ബി നാഗേന്ദ്ര, എംഎൽഎ ബസനഗൗഡ ദഡ്ഡൽ എന്നിവരുമായി ബന്ധമുള്ള വിവിധ സ്ഥലങ്ങളിൽ ഇഡി ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നാഗേന്ദ്രയെ അറസ്റ്റ് ചെയ്തത്.
കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറിപ്പാണ് അഴിമതിക്കഥ പുറത്ത് കൊണ്ട് വന്നത്. പൊലീസ് കണ്ടെത്തിയ ആറ് പേജുകളുള്ള ആത്മഹത്യാ കുറിപ്പിൽ 3 ഉദ്യോഗസ്ഥരുടെ പേരുകളുണ്ട്. കോർപ്പറേഷനിലെ കോടികളുടെ അഴിമതിയിൽ ഇവർക്ക് പങ്കുണ്ടെന്നും നടപടി വേണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കോർപ്പറേഷനിലെ അനധികൃത പണമിടപാട് ആരോപണങ്ങളുടെ പേരിൽ ബി നാഗേന്ദ്ര ജൂൺ 6 ന് രാജിവച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ തള്ളിക്കളഞ്ഞ നാഗേന്ദ്ര താൻ സ്വമേധയാ രാജിവെയ്‌ക്കുകയായിരുന്നുവെന്നും പറഞ്ഞു. അഴിമതിയിൽ സിദ്ധരാമയ്യയ്‌ക്കും പങ്കുണ്ടെന്ന് ആരോപിച്ച കേന്ദ്രമന്ത്രി ശോഭ കരന്തലജെ മുഖ്യമന്ത്രി രാജിവെക്കണമെന്നും സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.















