സിനിമയിൽ നടനാകണം എന്നതായിരുന്നു തന്റെ ആഗ്രഹമെന്ന് ഗോകുലം ഗോപാലൻ. മദ്രാസിലേക്ക് സിനിമ കൊതിച്ചാണ് വണ്ടി കയറിയതെന്നും ഇന്ത്യൻ 2 ന്റെ പ്രസ് മീറ്റിൽ അദ്ദേഹം പറഞ്ഞു. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയിന്‍റ് മൂവീസും ചേർന്ന് നിർമിച്ച ഇന്ത്യൻ 2 ന്റെ കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവീസിനായിരുന്നു. കമൽഹാസന്റെ ഒരു ചിത്രം ചെയ്യണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
“വളരെ കാത്തിരിപ്പോടെയാണ് ഞാൻ സിനിമ ഫീൽഡിലേക്ക് ഇറങ്ങുന്നത്. 1976-ൽ സിനിമ നിർമ്മിച്ച ഒരാളാണ് ഞാൻ. കമൽഹാസനെ വെച്ച് ഒരു സിനിമ ഞാൻ എടുത്തിട്ടുണ്ട്. കലയോടുള്ള സ്നേഹമാണ് സിനിമയിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്. ചെറുപ്പത്തിൽ നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. മദ്രാസിലേക്ക് പോകാൻ തന്നെ കാരണം സിനിമയിൽ അഭിനയിക്കാനുള്ള താല്പര്യത്തിലായിരുന്നു. മദ്രാസിൽ ചെന്നപ്പോൾ എനിക്ക് തോന്നി നടനാവുകയല്ല, ജീവിക്കാനുള്ള വഴി എന്തെങ്കിലും നോക്കണം. കാരണം, അഭിനയ മോഹവുമായി ചെന്നവർ എന്തുമാത്രം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട് എന്ന് എനിക്കറിയാം”.
“എന്റെ സാമ്പത്തികശേഷി കണക്കിലെടുത്ത് ഞാൻ ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. സിനിമയോടുള്ള താല്പര്യം കൊണ്ടാണ് ചിത്രം നിർമ്മിക്കാൻ തുടങ്ങിയത്. കമൽഹാസന്റെ ഒരു സിനിമ എനിക്ക് തന്നെ കേരളത്തിൽ വിതരണം ചെയ്യണമെന്ന് ആഗ്രഹം കൊണ്ടാണ് ഇന്ത്യൻ 2 എടുത്തത്. വളരെയധികം അഭ്യർത്ഥിച്ചാണ് എനിക്കിത് കിട്ടിയത്”-ഗോകുലം ഗോപാലൻ പറഞ്ഞു.