അബുജ : നൈജീരിയയിൽ ഇരുനില സ്‌കൂൾ കെട്ടിടം തകർന്ന് 22 കുട്ടികൾക്ക് ദാരുണാന്ത്യം. നോർത്ത് സെൻട്രൽ നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിലെ സെയിൻ്റ്സ് അക്കാദമി കോളേജിൽ വെള്ളിയാഴ്ചയാണ് സംഭവം . മരിച്ച കുട്ടികൾ അധികവും 15 വയസ്സിൽ താഴെ പ്രായമുള്ളവരാണ്.രാവിലെ ക്ലാസ് ആരംഭിച്ചതിന് പിന്നാലെയാണ് സംഭവമുണ്ടായത്.
154 വിദ്യാർഥികളാണ് കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നിരുന്നത്. അവരിൽ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ 22 കുട്ടികൾ മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പ്ലേറ്റോ പോലീസ് വക്താവ് ആൽഫ്രഡ് അലബോ പറഞ്ഞു. ആരോഗ്യ പ്രവർത്തകരും സുരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സ്‌കൂളിന്റെ ദുർബലമായ ഘടനയും നദീതീരത്തുള്ള സ്‌ഥാനവുമാണ് ദുരന്തത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നത്. സമാന സ്‌കൂളുകൾ അടച്ചുപൂട്ടാനും നിർദ്ദേശമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ കെട്ടിടങ്ങൾ തകരുന്നത് സർവ്വ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. കെട്ടിട സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതും അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമായി അധികൃതർ പറയുന്നത്.















