പരിയേറും പെരുമാൾ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവനടൻ കതിർ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു. ‘വികൃതി’ എന്ന ചിത്രത്തിന് ശേഷം എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ‘മീശ’യിലൂടെയാണ് കതിർ മോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ആണുങ്ങളുടെ ഈഗോ ചർച്ച ചെയ്യുന്ന ഒരു ചിത്രമായിരിക്കും മീശ. കതിരും ഷൈൻ ടോം ചാക്കോയും, ഹക്കീം ഷായുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർ കൂടാതെ സുധി കോപ്പാ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരും മറ്റ് വേഷങ്ങളിലെത്തുന്നു.
മലയാള സിനിമയിൽ അഭിനയിക്കാനായതിന്റെ എക്സൈറ്റ്മെന്റിലാണ് കതിർ എന്ന് സംവിധയകൻ എംസി ജോസഫ് പ്രതികരിച്ചു. വികൃതിയിൽ സുരാജിന്റെയും സൗബിന്റെയും മത്സരിച്ചുള്ള പ്രകടനമാണ് കാണാനായതെങ്കിൽ മീശയിൽ കതിരും ഷൈനും ഹക്കീമുമാണ് മാറ്റുരയ്‌ക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംവിധയകൻ എംസി ജോസഫ് തന്നെയാണ്. യൂണികോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർട്ട്കൊച്ചി, ചെറായി, മുനമ്പം ഭാഗങ്ങളിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.















