ലോകം കണ്ട ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. അംബാനി കുടുംബത്തിലെ കല്യാണവിശേഷങ്ങൾ ഇന്റർനെറ്റ് ലോകത്ത് കത്തിപ്പടരുകയാണ്.
ഏഴ് മാസങ്ങൾ നീണ്ട ആഘോഷ പരിപാടികൾക്കൊടുവിൽ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്തും പ്രണയിനി രാധികാ മെർച്ചന്റും വിവാഹിതരായിരിക്കുന്നു. മുംബൈയിൽ അംബാനിയുടെ വസതിയായ ആന്റിലയിൽ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ആഡംബരത്തോടെ കെങ്കേമമായി വിവാഹം നടന്നു. വിവാഹ ചടങ്ങുകൾ, വന്നെത്തിയ അതിഥികൾ, വിവാഹ വസ്ത്രങ്ങൾ, ആന്റിലയിലെ ഒരുക്കങ്ങൾ, തുടങ്ങി എല്ലാം രാജ്യം കണ്ടുകഴിഞ്ഞു. അതിഥികൾക്കായി തയ്യാറാക്കിയ ആഹാരസാധനങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമ ലോകത്ത് ചർച്ചയാകുന്നത്.
ഇന്റർനാഷണൽ സെലിബ്രിറ്റികൾ മുതൽ മലയാളി താരങ്ങൾ വരെ, വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഓരോരുത്തരും മഹാരാജാവിനെ പോലെ സ്വീകരിക്കപ്പെട്ടു. ലോകത്തെ തന്നെ ഏറ്റവും വിശിഷ്ടമായ ഭക്ഷണങ്ങളാണ് അവർക്ക് വേണ്ടിയൊരുക്കിയത്. പരമ്പരാഗതമായ ഇന്ത്യൻ മധുരപലഹാരങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
കാശിയിലെ ചാട്ട് മുതൽ ഇന്തോനേഷ്യൻ കോക്കനട്ട് ഡിഷെസ് വരെ അടങ്ങുന്ന മെനുവിൽ ഇറ്റാലിയൻ പലഹാരമായ ടിറാമിസു (tiramisu), മീൻമുട്ട അടഹങ്ങുന്ന കാവിയർ (caviar), ഹൈപ്പർ റിയലിസ്റ്റിക് ആയിട്ടുള്ള ഫ്രൂട്ട് കേക്കുകൾ എന്നിവയും ഇടംപിടിച്ചിരുന്നു. മദ്രാസ് ഫിൽട്ടർ കോഫി, ഇൻഡോറിലെ ഗരഡു ഛാട്ട്, ക്ലാസിക് ഛന കച്ചോറി എന്നിങ്ങനെയുള്ള ഇന്ത്യൻ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ട്. അന്താരാഷ്‌ട്ര തലത്തിൽ പേരുകേട്ട ഷെഫുമാർ എത്തിയാണ് സവിശേഷ വിഭങ്ങൾ തയ്യാറാക്കിയത്.















