തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ തൊഴിലാളിയെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രക്ഷാദൗത്യത്തിന് NDRF സംഘത്തിന്റെ സഹായം അഭ്യർത്ഥിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ദേശീയ ദുരന്തനിവാരണ സേന രാത്രിയോടെ തിരുവനന്തപുരത്ത് എത്തുമെന്നും നാവികസേനയുടെ സഹായം അഭ്യർത്ഥിച്ചതായും ജില്ലാ കളക്ടർ വ്യക്തമാക്കി.
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യകൂമ്പാരം വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയേയാണ് കാണാതായത്. ഇദ്ദേഹം മാരായമുട്ടം സ്വദേശിയാണ്. രക്ഷാദൗത്യം ഒമ്പതാം മണിക്കൂർ പിന്നിടുമ്പോഴും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
മാലിന്യകൂമ്പാരത്തിനിടയിലെ രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ സ്കൂബാ സംഘം തെരച്ചിൽ അവസാനിപ്പിച്ചു. മാൻഹോളിലെ മാലിന്യം നീക്കിയതിന് ശേഷം തെരച്ചിൽ ആരംഭിക്കാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം. മാൻഹോളിൽ ഇറങ്ങി മാലിന്യം നീക്കുന്നതിനായി റോബോട്ടിനെയാണ് ഉപയോഗിക്കുന്നത്. ടെക്നോ പാർക്കിലെ ജെൻ റോബോട്ടിക്സ് കമ്പനിയുടേതാണ് റോബോർട്ട്. ഇതിന്റെ പ്രവർത്തനം മോണിറ്റർ വഴി നിരീക്ഷിക്കാനുള്ള സംവിധാനമുണ്ട്.















