തിരുവനന്തപുരം: രാജ്യ സഭാ സീറ്റ് നിർണ്ണയത്തിൽ തഴഞ്ഞതിനു പിന്നാലെ സംഘടനാ പദവിയിലും കെ.പ്രകാശ് ബാബു വിനെ വെട്ടി സിപി ഐ സംസ്ഥാന നേതൃത്വം. അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒഴിവിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് ആളെ തിരഞ്ഞെടുത്തപ്പോഴാണ് ആനി രാജയെ നിർദേശിച്ചത്.
സിപിഐ ദേശീയ നിർവാഹകസമിതി യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായതായി അറിയുന്നു. ഡൽഹിയിൽ നടക്കുന്ന ദേശീയ കൗൺസിൽ യോഗം നാളെ സമാപിക്കുന്നതിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ആനി രാജ, കെ.പ്രകാശ് ബാബു നിലവിൽ ദേശീയ നിർവാഹകസമിതി അംഗങ്ങളാണ്. ഇവരുടെ പേരുകൾ മാത്രമാണ് കാനത്തിനു പകരം നിദേശിക്കപ്പെട്ടത്.
നേരത്തെ രാജ്യസഭാ സീറ്റിൽ നിന്നും പ്രകാശ് ബാബുവിനെ ഒഴിവാക്കിയിരുന്നു. രാജ്യസഭാ സ്ഥാനാർഥിയായി പ്രകാശ് ബാബുവിന്റെ പേരാണ് ആദ്യം പ്രചരിച്ചിരുന്നു. പിന്നീടു സംസ്ഥാന നിർവാഹകസമിതി യോഗം കൂടി നാടകീയമായി അസി. സെക്രട്ടറിയായ പി.പി.സുനീറിനെ നിശ്ചയിച്ചു.
എഐടിയുസി ജനറൽ സെക്രട്ടറി കെപി രാജേന്ദ്രനെ ദേശീയ എക്സിക്യൂട്ടീവിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യസഭാ സ്ഥാനാർഥിത്വത്തിൽനിന്നു തഴയപ്പെട്ടതിനു പിന്നാലെ പാർട്ടി പുനഃ സംഘടനയിലും പ്രകാശ് ബാബുവിനു പരിഗണന ലഭിച്ചില്ല.
കേന്ദ്ര സെക്രട്ടേറിയറ്റിലെ മലയാളിയായി ഇപ്പോൾ ഉള്ളത് ബിനോയ് വിശ്വമാണ്. കേരളത്തിൽ നിന്നുള്ള ഏറ്റവും സീനിയറായ ദേശിയ എക്സിക്യൂട്ടീവ് അംഗമാണ് കെ പ്രകാശ് ബാബു.
തന്നെ അവഗണിക്കാൻ ആർക്കും കഴിയില്ല. താൻ ഒന്നിന്റെയും പിന്നാലെ പോകാൻ ഉദ്ദേശിക്കുന്നില്ല, എന്ന് പിന്നീട് പ്രകാശ് ബാബു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.















