കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പിൽ എൽഡിഫിനേറ്റ വാൻ തോൽവിക്ക് സി പി എമ്മിനെയും കുറ്റപ്പടുത്തിക്കൊണ്ട് എൽ ഡി എഫ് ഘടക കക്ഷിയായ എൻസിപി ശരദ് പവാർ വിഭാഗം രംഗത്ത് വന്നു. കൊച്ചിയിൽ നടന്ന എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ അവതരിപ്പിച്ച രാഷ്‌ട്രീയരേഖയിലെ പരാമർശങ്ങളാണ് സിപിഎമ്മിന് തലവേദന സൃഷ്ടിക്കുന്നത്.
നേതൃത്വം തെറ്റിൽനിന്നു തെറ്റിലേക്ക് പോയെന്നും അതിനാൽ ജനങ്ങൾ സ്വയം ‘രക്ഷാപ്രവർത്തനം’ നടത്തിയെന്നും അതിനാലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു കനത്ത പരാജയമുണ്ടായതെന്നും എൻ സി പി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകൾ എൽഡിഎഫ് കൺവീനറുടെ ‘കൂട്ടുകെട്ടുകൾ ’ പിൻവാതിൽ നിയമനങ്ങൾ എസ്എഫ്ഐയുടെ ഗുണ്ടായിസം, നവകേരള സദസ്സ് എന്നിവയെല്ലാം പരാജയത്തിനു കാരണമായെന്ന വിമർശനമാണ് എൻ സി പി ഉയർത്തുന്നത്.
രണ്ടാം എൽഎഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ പ്രവർത്തനത്തെയും യോഗം വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ സേവനം വളരെ ഗുണം ചെയ്തെങ്കിൽ രണ്ടാം പിണറായി സർക്കാരിന് അത് നിലനിർത്താനായില്ല എന്നതും പരാജയത്തിന് കാരണമായെന്ന് എൻസിപി കുറ്റപ്പെടുത്തി. ‘‘വിലക്കയറ്റം, കുത്തഴിഞ്ഞ ആരോഗ്യവകുപ്പ്, യാതൊരു ഉപകാരവുമില്ലാതായ സപ്ലൈകോ, കെഎസ്ആർടിസി ജീവനക്കാരുടെ ദുരിതജീവിതം, കരുവന്നൂർ തട്ടിപ്പ് സഹകരണ മേഖലയിലുണ്ടാക്കിയ തിരിച്ചടി, പിഎസ്‍സി റാങ്ക് ലിസ്റ്റുകാരുടെ നിരന്തര സമരം, തിരഞ്ഞെടുപ്പ് സമയത്ത് കണ്ണൂരിലെ ബോംബ് സ്ഫോടനം ഉൾപ്പെടെ സമസ്ത മേഖലകളിലും അസ്വസ്ഥതകൾ നുരഞ്ഞു പൊന്തിയത് കാണേണ്ടവർ കണ്ടില്ല’’– രാഷ്‌ട്രീയരേഖയിൽ പറയുന്നു.
ഭരണത്തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കുണ്ടായ പിഴവുകളും വിലയിരുത്തപ്പെടേണ്ടതാണ്. ‘‘മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്താൻ പിണറായി വിജയൻ വഹിച്ച പങ്ക് വലുതാണ്. സാധാരണ ജനങ്ങൾക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. പൗരപ്രമുഖരെയും സാധാരണക്കാരെയും വേർതിരിച്ചു കോടികൾ ചെലവഴിച്ചുള്ള യാത്രയെന്ന ദുഷ്പേര് സമ്പാദിക്കാൻ മാത്രമേ നവകേരള സദസിന് കഴിഞ്ഞുള്ളൂ. പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച പരാതികളിൽ എത്ര തീർപ്പായെന്ന് പറയാൻപോലും കഴിയാതെ പോയി. എൽഡിഎഫിനൊപ്പം എന്നുമുണ്ടായിരുന്ന സർക്കാർ ജീവനക്കാരും കൈവിട്ടു. ഡിഎ കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഭരണകക്ഷി യൂണിയനിൽപ്പെട്ട ജീവനക്കാർ പോലും മാറിച്ചിന്തിച്ചു. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചകൾ, സിദ്ധാർഥന്റെ മരണം ഉൾപ്പെടെ എസ്എഫ്ഐയുടെ കലാലയ ഗുണ്ടാ രാഷ്‌ട്രീയം തുടങ്ങിയവ പൊതുസമൂഹത്തിൽ ശക്തമായ പ്രതിഷേധമുണ്ടാക്കി. കലാലയങ്ങളിൽ ജനാധിപത്യ സംസ്കാരത്തിന് വിലങ്ങുതടിയായി നിൽക്കുന്ന എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണം. വിവിധ വകുപ്പുകളിൽ നടത്തിയിട്ടുള്ള പിൻവാതിൽ നിയമനങ്ങളിൽ സർക്കാരിന്റെ പ്രതിച്ഛായയ്‌ക്ക് കളങ്കമുണ്ടാക്കി’– രാഷ്‌ട്രീയരേഖ പറയുന്നു.
കേരളീയം, നവകേരള സദസ്, ലോകകേരള സഭ, സുപ്രീം കോടതിയിൽ അഭിഭാഷകർക്ക് കൊടുത്ത ഭീമമമായ ഫീസ് തുടങ്ങിയവയെല്ലാം സർക്കാരിന്റെ ധൂർത്താണ് എന്ന് ആക്ഷേപിക്കപ്പെട്ടപ്പോൾ സാമ്പത്തിക പ്രതിസന്ധി എന്ന മുറവിളി ജനങ്ങളുടെ മനസിൽ ഏശിയില്ല. ക്ഷേമപെൻഷൻ മുടങ്ങിയത് പരാജയത്തിന് ഒരു പ്രധാന കാരണമാണെങ്കിലും ജനമധ്യത്തിൽ എടുത്തു പറയത്തക്ക ഭരണനേട്ടങ്ങൾ ഉയർത്തിക്കാണിക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ല’’– രാഷ്‌ട്രീയരേഖയിൽ പറയുന്നു.
പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ സർക്കാരിനെതിരെ രൂക്ഷമായ കുറ്റപ്പെടുത്തലുകൾ ഉണ്ടായി.















