വാഷിംഗ്ടൺ: പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തിന്റെ അടിയന്തര അവലോകനം നടത്തിയശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പെൻസിൽവാനിയയിലെ ബട്ലറിൽ വച്ച് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വെടിവയ്പ്പുണ്ടായത്. ട്രംപ് വേദിയിൽ പ്രസംഗിക്കവെയാണ് സംഭവം. വെടിവയ്പ്പിൽ മുൻ പ്രസിഡന്റിന്റെ വലത് ചെവിയ്‌ക്ക് പരിക്കേറ്റതായാണ് വിവരം. യുഎസ് രഹസ്യാന്വേഷണ ഏജൻസി ഉടൻ തന്നെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അറിയിച്ചു.
സംഭവത്തിന് പിന്നാലെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്ക് നേതാക്കൾ ആക്രമണത്തിൽ പ്രതികരണവുമായെത്തിയിരുന്നു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലും ബൈഡൻ ട്രംപിനെതിരായ ആക്രമണത്തെ അപലപിച്ചു.
“പെൻസിൽവാനിയയിൽ ഡൊണാൾഡ് ട്രംപിന്റെ റാലിയിൽ നടന്ന വെടിവെപ്പിനെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം സുരക്ഷിതനാണെന്നും സുഖമായിരിക്കുന്നുവെന്നും കേട്ടതിൽ ആശ്വസിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും റാലിയിൽ ഉണ്ടായിരുന്ന എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതിൽ രഹസ്യാന്വേഷണ ഏജൻസിയെ അഭിനന്ദിക്കുന്നു,” ബൈഡൻ കുറിച്ചു.
വൈസ് പ്രസിഡൻ്റ് കമല ഹാരിസും മുൻ പ്രസിഡന്റ് ബരാക് ഒബാമയും ആക്രമണത്തെ അപലപിച്ചു. മുൻ പ്രസിഡൻ്റ് ജോർജ്ജ് ഡബ്ല്യു ബുഷ് ട്രംപിനെതിരായ ആക്രമണം ഭീരുത്വം നിറഞ്ഞതെന്ന് പ്രതികരിച്ചു.















