കൊച്ചി: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിൽസയിൽ ആയിരുന്നു 27-കാരി മരിച്ചു. വേങ്ങൂർ അമ്പാടൻവീട്ടിൽ അഞ്‌ജന ചന്ദ്രൻ ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച യുവതി 75 ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നുമണിക്കാണ് മരണത്തിന് കീഴടങ്ങിയത്.
25 ലക്ഷത്തോളം കുടുംബം ചികിത്സയ്‌ക്കായി ചെലവാക്കിയിട്ടും സർക്കാര്‍ നയാപൈസ ധനസഹായം നൽകിയിട്ടില്ല. വാട്ടർ അതോറിറ്റി പമ്പ് ചെയ്ത വെള്ളത്തിൽനിന്ന് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം 250ലേറെപ്പേരെ ബാധിച്ചെങ്കിലും സർക്കാർ തിരിഞ്ഞു നോക്കുന്നില്ല എന്ന ആക്ഷേപത്തിനിടയിലാണ് അഞ്ജനയുടെ മരണം.
തുടക്കത്തിൽ തന്നെ അസുഖം ബാധിച്ച അഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ രോഗം മൂർച്ഛിച്ചു. മഞ്ഞപ്പിത്തം കരളിനെയും വൃക്കയെയും ബാധിച്ചു.നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയായിരുന്നു ചികിത്സ. പഞ്ചായത്തും ഇതിനിടെ സഹായനിധി രൂപീകരിച്ച് രണ്ടരലക്ഷത്തോളം രൂപ കൈമാറി.ഉപജീവനമാർഗമായ പശുവിനെയും ലോറിയും വിറ്റാണ് ഇവർ ചികിത്സ നടത്തിയത്
ഏപ്രിൽ 17നാണ് വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നത്. അഞ്ജനയുടെ ഭർത്താവ് ശ്രീകാന്ത്, സഹോദരൻ ശ്രീനി തുടങ്ങിയവരുൾപ്പെടെ ആശുപത്രിയിൽ ചികിത്സ തേടി. ശ്രീകാന്ത് ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപെട്ടു. ഡയാലിസിസ് ചെയ്താണ് ശ്രീകാന്ത് ജീവൻ നിലനിർത്തുന്നത് . വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധയ്‌ക്ക് കാരണം വാട്ടർ അതോറിറ്റി പമ്പ് ചെയ്ത കുടിവെള്ളത്തിൽ മാലിന്യം കലർന്നതാണെന്ന് ആരോഗ്യവകുപ്പും അല്ലെന്ന് വാട്ടർ അതോറിറ്റിയും നിലപാടെടുത്തിരുന്നു .















