തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുന്നു. റെയിൽവേ പ്ലാറ്റ്ഫോമിന്റെ മാൻഹോളിലേക്കിറങ്ങിയുള്ള ഏറ്റവും നിർണായകമായ രക്ഷാപ്രവർത്തനമാണ് നട ക്കുന്നത്. മുങ്ങൽ വിദഗ്ദർ ഉൾപ്പെടെയുള്ള 10 അംഗ ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
തോടിന്റെ രണ്ട് ഭാഗങ്ങളിലായാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. രണ്ട് ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം നീക്കാൻ തുടങ്ങിയിട്ടുണ്ട്. എൻഡിആർഎഫ് സംഘത്തിന്റെ പരിശോധന രാവിലെ ഏഴ് മണിയോടെ തന്നെ ആരംഭിച്ചിരുന്നു. ജോയിയെ കാണാതായ ഭാഗത്താണ് തിരച്ചിൽ നടത്തുന്നത്. റെയിൽവേസ്റ്റേഷന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പ്ലാറ്റ്ഫോമിന്റെ ടണലിലേക്കിറങ്ങിയാണ് തിരച്ചിൽ നടത്തിയത്. എന്നാൽ 10 മിനിറ്റോളം തിരച്ചിൽ നടത്തിയ ശേഷം സ്കൂബ ഡൈവേഴ്സ് തിരിച്ചുകയറുകയായിരുന്നു.
100-ഓളം അഗ്നിസുരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. എൻഡിആർഎഫും അഗ്നിസുരക്ഷാ സേനയും രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും സജ്ജമാക്കിയിട്ടുണ്ട്. റൊബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം.
15,00 രൂപ കൂലിയ്‌ക്ക് വേണ്ടിയാണ് ജോയി മാലിന്യം നീക്കനെത്തിയത്. കാണാതായി 20 മണിക്കൂർ കഴിയുമ്പോഴും ജോയിയെ കണ്ടെത്താനുള്ള ശ്രമകരമായ തിരച്ചിൽ പുരോഗമിക്കുകയാണ്. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്.















