ചെന്നൈ: ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) തമിഴ്‌നാട് തലവനായിരുന്ന കെ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ്. സംഭവത്തിൽ പങ്കുണ്ടെന്നാരോപിച്ച് പോലീസ് പിടികൂടിയ തിരുവെങ്കടത്തിനെയാണ് ചെന്നൈയിലെ മാധവാരത്തിന് സമീപം വച്ചുണ്ടായ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താൻ തെളിവെടുപ്പിനായിട്ടാണ് പൊലീസ് തിരുവെങ്കടത്തെ മാധവാരത്ത് എത്തിച്ചത്. എന്നാൽ ഇതിനിടെ ഇയാൾ ഒപ്പമുണ്ടായിരുന്ന എസ്‌ഐയെ ആക്രമിക്കുകയും കസ്റ്റഡിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് വെടിയുതിർത്തുവെന്നാണ് പൊലീസ് ഭാഷ്യം. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ചെന്നൈ നോർത്ത് അഡീഷണൽ പൊലീസ് കമ്മീഷണർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ ഇതുവരെ 11 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ യഥാർത്ഥ പ്രതികളല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടിരുന്നു. ഇരയ്‌ക്ക് നീതി ഉറപ്പാക്കാൻ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് അവർ മുഖ്യമന്ത്രി സ്റ്റാലിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രതികളിൽ ഒരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതും.
തമിഴ് നാട്ടിൽ പൊലീസ് നടത്തുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വർധിച്ചു വരുന്നതായി സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. തിരുച്ചിറപ്പള്ളി വണ്ണാരപ്പേട്ടയ്‌ക്ക് സമീപം എംജിആർ നഗറിലെ 42 കാരനായ ദുരൈസാമി എന്ന എൻ ദുരൈയെ കഴിഞ്ഞ ദിവസം പൊലീസ് വെടിവെച്ചു കൊന്നിരുന്നു. ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ “സ്വയം പ്രതിരോധത്തിനായി” വെടിവച്ചതാണെന്നും ദുരൈസാമി സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നുമായിരുന്നു പൊലീസ് വിശദീകരണം.