തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ വി ജോയിയെ കണ്ടെത്തുന്നതിന് പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്ന് കൂടുതൽ സ്കൂബ ടീമിനെ സ്ഥലത്തെത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്ഥലത്ത് സജീവ രക്ഷാപ്രവർത്തനം നടത്തുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലെ രക്ഷാപ്രവർത്തനവുമായി റെയിൽവേ പൂർണമായി സഹകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രത്യേക ടീം സ്ഥലത്തുണ്ട്. 15-20 മിനിറ്റിൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് അവിടെ നിൽക്കാനാകില്ല കരയ്‌ക്ക് കയറി വന്നാൽ ഉടൻ അവർക്ക് മരുന്നുകളും അവരുടെ ശരീരം വൃത്തിയാക്കാനുളള സംവിധാനങ്ങളും ഒരുക്കണം.
ജോയിയെ കണ്ടെത്തുക എന്നതിനാണ് മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. സാധ്യമായ എല്ലാ കാര്യവും ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കത്തെക്കുറിച്ച് നേരത്തെയും പരാതികൾ ഉയർന്ന കാര്യം മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയെങ്കിലും റെയിൽവേയുടെ പൂർണ അനുമതി ലഭിച്ചെങ്കിലേ അത് സാദ്ധ്യമാകൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. റെയിൽവേയുടെ സർവ്വീസ് ഉൾപ്പെടെ നിർത്തിവെയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ആമയിഴഞ്ചാൻ തോട് റെയിൽവേ പരിപാലിക്കുന്നത് എങ്ങനെയാണെന്ന കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം ഇക്കാര്യത്തിൽ റെയിൽവേയുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും വി. ശിവൻകുട്ടി പറഞ്ഞു.
ഫയർ ഫോഴ്സ് സംഘത്തിന്റെ ശ്രമകരമായ രക്ഷാപ്രവർത്തനമാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥർ അഭിമാനകരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഒരു മണി വരെ രക്ഷാപ്രവർത്തനം തുടർന്നിരുന്നു.
മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. മുൻ മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, കളക്ടർ ജെറോമിക് ജോർജ്, എൻഡിആർഎഫ് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, റോബോട്ടിക് ടീമിലെ വിദഗ്ധർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.















