ശ്രീനഗർ: ‘തലാഖ്’ എന്ന വാക്ക് ഭർത്താവ് മൂന്ന് തവണ പറഞ്ഞത് കൊണ്ട് മാത്രം മുസ്ലീം വിവാഹ ബന്ധം അവസാനിക്കില്ലെന്ന് ജമ്മു കശ്മീർ ഹൈക്കോടതി. ജീവനാംശവുമായി ബന്ധപ്പെട്ട് ഹർജി പരിണിക്കവേയാണ് ജസ്റ്റിസ് വിനോദ് ചാറ്റർജി കോൾ സുപ്രധാന നിരീക്ഷണം നടത്തിയത്. ‘തലാഖ്’ എന്ന വാക്ക് മൂന്ന് തവണ ഉച്ചരിച്ചത് കൊണ്ട് ഭാര്യയെ സംരക്ഷിക്കുന്നതിൽ നിന്ന് ഭർത്താവിന് രക്ഷപ്പെടാൻ സാധിക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി.
ഹർജിക്കാരൻ ഭാര്യയുമായി 2009 മുതൽ അകന്നു കഴിയുകയാണ്. ഇതിനിടയിൽ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമിപിച്ചു. 2018 ഫെബ്രുവരിയിൽ വിചാരണ കോടതി ഭർത്താവിന് അനുകൂലമായി വിധിച്ചു. എന്നാൽ, അഡീഷണൽ സെഷൻസ് കോടതി ഈ ഉത്തരവ് റദ്ദാക്കുകയും ഭാര്യക്ക് പ്രതിമാസം 3,000 രൂപ ജീവനാംശം നൽകാനും ഉത്തരവിട്ടു. ഈ വിധിയെ ചോദ്യം ചെയ്താണ് ഭർത്താവ് ഹൈക്കോടതി സമീപിച്ചത്.
ഷയാര ബാനു കേസിൽ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കിയ മുത്തലാഖ് താൻ ചൊല്ലിയില്ലെന്ന് കോടതിയിൽ ഹർജിക്കാരൻ പറഞ്ഞു. അതിന് പകരം തലാഖ് ചൊല്ലി തലാഖ്നാമ (വിവാഹമോചന രേഖ) ഭാര്യയ്‌ക്ക് നൽകിയതായും കോടതിയിൽ വാദിച്ചു. വാദങ്ങൾ നിരാകരിച്ച കോടതി ഹർജിക്കാരന്റെ നടപടിയിൽ നിയമസാധുതയില്ലെന്നും വ്യക്തമാക്കി.















