തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കം ചെയ്യാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായതിനെ തുടർന്ന് സംസ്ഥാനത്തെ മാലിന്യ സംസ്കരണം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി നഗരവാസികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ, ഇതിനായി നഗരസഭ സ്വീകരിക്കേണ്ട നടപടികൾ, മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പ്രസക്തി, ഖരമാലിന്യം സംസ്കരിക്കേണ്ടത് എങ്ങനെ, സർക്കാർ ഉറപ്പുവരുത്തേണ്ട കാര്യങ്ങൾ എന്തെല്ലാം തുടങ്ങി മാലിന്യ സംസ്കരണം സംബന്ധിച്ച് എല്ലാം ചർച്ചയാവുകയാണ്.
കേരളത്തിലേത് വൻ നഗരങ്ങൾ അല്ലാതിരുന്നിട്ടും ആധുനിക മാലിന്യനിർമ്മാർജ്ജന സംവിധാനങ്ങൾ നമുക്കില്ലെന്ന് നിരീക്ഷകനും ബ്ലോഗറുമായ മുരളി തുമ്മാരുകുടി അഭിപ്രായപ്പെടുന്നു. സംസ്ഥാനത്തെ നഗരങ്ങളിൽ പത്തുലക്ഷത്തിൽ താഴെ മാത്രമാണ് ജനസംഖ്യ. കേരളത്തിലെ വലുതും ചെറുതുമായ നഗരങ്ങളെല്ലാം മാലിന്യങ്ങൾ കൊണ്ട് പൊറുതിമുട്ടുന്നു. നഗരത്തിലെ ജലപാതകൾ മാലിന്യം ഒഴുകുന്ന ഓടകൾ മാത്രമാകുന്നു. അതിലേക്ക് വീണ്ടും വീണ്ടും ഖരമാലിന്യം വലിച്ചെറിയപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നഗരജീവിതത്തിന്റെയും ഉപഭോഗത്തിന്റെയും യഥാർത്ഥ ചെലവ് വഹിക്കാൻ തയ്യാറാകാത്തതാണ് ഇതിന് പ്രധാന കാരണമെന്നും തുമ്മാരുകുടി പറയുന്നു. ജീവിതരീതിയുടെ യഥാർത്ഥ ചെലവ് വഹിക്കാൻ തയ്യാറാവുകയും ആധുനികമായ മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ നടപ്പിലാക്കുകയുമാണ് മാലിന്യ ഓടകൾക്കുള്ള പ്രതിവിധിയെന്നും അദ്ദേഹം വ്യക്തമാക്കി.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ്..