ഫാൽക്കൺ 9 റോക്കറ്റ് തെറ്റായ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതിനെ തുടർന്ന് 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്ന് സ്‌പേസ് എക്‌സ്. ഇത്തരത്തിൽ 20 ഉപഗ്രഹങ്ങൾ പൊട്ടിത്തെറിച്ചാൽ അവയുടെ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന് സ്‌പേസ് എക്‌സ് പറഞ്ഞു.
ഫാൽക്കൺ റോക്കറ്റ് വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിൽ ദ്രവ രൂപത്തിലുള്ള ഓക്‌സിജൻ ചോർന്നതോടെ റോക്കറ്റിന്റെ ലക്ഷ്യം തെറ്റുകയായിരുന്നു. ഓക്‌സിജൻ ചോർന്നതോടെ ജ്വലനം നടക്കാതെ വരികയും ഉപഗ്രഹങ്ങൾ കൃത്യമായ ഭ്രമണപഥത്തിലെത്തിക്കാൻ സാധിക്കാതെ വരികയുമായിരുന്നു. യുഎസിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് 20 ഉപഗ്രഹങ്ങളുള്ള ഫാൽക്കൺ റോക്കറ്റിന്റെ വിക്ഷേപണം നടത്തിയത്. എന്നാൽ രണ്ടാം ഘട്ടത്തിലെ ജ്വലനം നടക്കാതിരുന്നതിനാൽ ഉദ്ദേശിച്ചതിലും താഴ്ന്ന ഭ്രമണപഥത്തിലാണ് റോക്കറ്റിന് എത്താൻ സാധിച്ചത്.
നിലവിൽ ഭൂമിയിൽ നിന്ന് 135 കിലോമീറ്റർ അകലെയാണ് റോക്കറ്റുള്ളത്. എന്നാൽ 10 ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട്, അവയുടെ ഭ്രമണപഥം ഉയർത്താൻ സാധിക്കുമോയെന്ന പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും ഉപഗ്രഹങ്ങൾ കൂട്ടിയിടിച്ച് പൊട്ടിത്തെറിയുണ്ടായാൽ ജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാവാതിരിക്കാനുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു. നിലവിൽ സാറ്റ്‌ലൈറ്റ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിംഗ് സംവിധാനങ്ങൾ ചെയ്ത് വരികയാണ്. പൊട്ടിത്തെറിയുണ്ടാവാതിരിക്കാനുള്ള പരമാവധി കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.















