തിരുവനന്തുപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം നഗരസഭയ്‌ക്കാണെന്ന് വ്യക്തമാക്കി അസിസ്റ്റന്റ് റെയിൽവേ ഡിവിഷണൽ മാനേജർ വിജി. മാലിന്യം നീക്കാൻ നഗരസഭ അനുമതി ചോദിച്ചിക്കുകയോ അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും വിജി പറഞ്ഞു. ട്രെയിനിലെ മാലിന്യങ്ങൾ തോട്ടിലേക്കല്ല ഒഴുക്കുന്നത്. ട്രെയിനുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രത്യേകം സംവിധാനമുണ്ടെന്നും അവർ വ്യക്തമാക്കി. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണത്തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ മേയർ ആര്യാ രാജേന്ദ്രൻ അടക്കമുള്ളവർ റെയിൽവേയെ പഴിചാരിയതിന്റെ പശ്ചാത്തലത്തിലാണ് വിജിയുടെ വാക്കുകൾ.
” ശുചീകരണത്തൊഴിലാളിയെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവർത്തനത്തിന് റെയിൽവേ എല്ലാ പിന്തുണകളും നൽകുന്നുണ്ട്. രക്ഷാദൗത്യ സംഘത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും റെയിൽവേ നൽകിയിട്ടുണ്ട്. ടണലിന്റെ അകത്തുള്ള മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത് നഗരസഭയാണ്. 2015, 2017, 2019, 2022 തുടങ്ങിയ വർഷങ്ങളിൽ ടണൽ വൃത്തിയാക്കിയത് നഗരസഭയാണ്. റെയിൽവേയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നത് ഉറപ്പാണ്.”- വിജി പറഞ്ഞു.
ടണൽ വൃത്തിയാക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ഒരു തവണ പോലും നഗരസഭ കത്ത് നൽകിയിട്ടില്ല. അനുവാദം ചോദിച്ചിട്ട് അനുമതി നൽകിയില്ലെന്ന മേയർ ആര്യ രാജേന്ദ്രന്റെ വാദം പച്ചക്കള്ളമാണെന്നും മാലിന്യം നീക്കം ചെയ്യാൻ കോർപ്പറേഷൻ അസൗകര്യം പ്രകടിപ്പിച്ചതിനലാണ് റെയിൽവേ ശുചീകരണപ്രവർത്തനം ഏറ്റെടുത്തതെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
മാലിന്യങ്ങൾ വരുന്നത് നഗരസഭയുടെ ഭാഗത്ത് നിന്നാണ്. ശുചീകണപ്രവർത്തനങ്ങൾ നടത്തുന്നതിൽ റെയിൽവേയും നഗരസഭയും കൂട്ടായ പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. എന്നാൽ പലപ്പോഴും കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് അത്തരം പ്രവർത്തനങ്ങളുണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.















