ശ്രീനഗർ: ഭാരതത്തിലേക്ക് നുഴഞ്ഞു കയറാനും ഭീകരവാദ പ്രവർത്തനങ്ങൾ നടത്താനും പദ്ധതിയിടുന്നവർക്ക് താക്കീത് നൽകി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ഭീകരവാദത്തെ സഹിഷ്ണുതയില്ലാതെ ഇന്ത്യ നേരിടുമെന്നും ഇത് മോദിയുടെ ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെത്തുന്ന ഒറ്റ ഭീകരരെയും വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നെങ്കിൽ നരകത്തിൽ പോകാം അല്ലെങ്കിൽ ഏഴടി മണ്ണാകും നിങ്ങൾക്കായി കാത്തുവച്ചിരിക്കുന്നത്. ഇതിലേത് വേണമെന്ന് ഭീകര പ്രവർത്തനങ്ങൾക്ക് മുതിരുന്നവർക്ക് തന്നെ തീരുമാനിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മരണത്തിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടാൽ ഒരു പക്ഷേ ബാക്കിയുള്ള ജീവിതം ഇന്ത്യൻ ജയിലിൽ തള്ളി നീക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മോദിയുടെ ഇന്ത്യയാണെന്നും ഭീകരവാദത്തെ തുടച്ചുനീക്കുമെന്നും നിത്യാനന്ദ് റായ് വ്യക്തമാക്കി.
ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച് മൂന്ന് ഭീകരരെ വധിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി കേരൻ സെക്ടറിൽ ധനുഷ് II എന്ന പേരിൽ സേന രഹസ്യ ഓപ്പറേഷൻ ആരംഭിച്ച് പരിശോധനകൾ നടത്തി വരുന്നതിനിടെയാണ് മൂന്ന് പേരെ വകവരുത്താൻ സൈന്യത്തിനായത്.















