മുംബൈ: സംസ്ഥാനത്ത് 2.5 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള വനിതകൾക്കും പെൺകുട്ടികൾക്കും മൂന്ന് പാചക വാതക സിലിണ്ടറുകൾ സൗജ ന്യമായി നൽകുമെന്ന് മഹാരാഷ്‌ട്ര സർക്കാർ. ഉപമുഖ്യമന്ത്രി അജിത് പവാർ ആണ് ഇക്കാര്യം അറിയിച്ചത്. ലാഡ്ലി ബഹൻ യോജന തുടരുമെന്ന് വ്യക്തമാക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ബരാമതിയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” സ്ത്രീ ശാക്തീകരണവും ആത്മനിർഭര ഭാരതവുമാണ് നമ്മൾ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നടപ്പിലാക്കിയ ലാഡ്‌ലി ബഹൻ യോജന പദ്ധതി തുടർന്നുകൊണ്ടുപോകും. 2.5 ലക്ഷം രൂപ വാർഷിക വരുമാനമോ അതിൽ താഴെയോ വരുന്ന സ്ത്രീകൾക്ക് മൂന്ന് ഗ്യാസ് സിലിണ്ടർ വാങ്ങാനുള്ള പണം സർക്കാർ നൽകും. 46,000 കോടിരൂപയാണ് സംസ്ഥാനത്തെ സ്ത്രീകൾക്കായി മാറ്റി വച്ചിരിക്കുന്നത്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്ത്രീകൾക്ക് ജീവിക്കാൻ സാധിക്കണം. സ്ത്രീകളുടെ സ്വയംപര്യാപ്തതയാണ് സർക്കാർ ലക്ഷ്യം വയ്‌ക്കുന്നത്. ആത്മവിശ്വാസത്തോടെ എക്കാലവും അവർക്ക് നന്നായി ജീവിക്കാൻ സാധിക്കട്ടെ..”- അജിത് പവാർ പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വിജയിക്കും. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി നിരവധി പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ആത്മനിർഭര ഭാരതമെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ പദ്ധതിയായ ‘ലാഡ്‌ലി ബഹൻ’ പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടപ്പിലാക്കിയ ‘ മുഖ്യനന്ത്രി മജ്ഹി ലഡ്കി ബഹിൻ’ പദ്ധതിയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. 21 വയസിനും 60 വയസിനും ഇടയിൽ പ്രായം വരുന്ന സ്ത്രീകൾക്ക് മാസം 1,500 രൂപ വീതം നൽകുന്ന പദ്ധതിയാണിതെന്നും ഇത്തരത്തിൽ നിരവധി പദ്ധതികൾ മഹായുക്തി സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അജിത് പവാർ വ്യക്തമാക്കി.