ന്യൂഡൽഹി: 140 കോടി ജനങ്ങളുടെ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി നദ്ദ. രാജ്യത്തിന്റെ വർത്തമാനഘട്ടത്തെയും ഭാവിയെയും പ്രതിനിധീകരിക്കുന്നതും ബിജെപിയാണ്. പാൻ ഇന്ത്യ പാർട്ടിയായ ബിജെപി 2047-ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനായി അക്ഷീണം പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ എല്ലായിടത്തും സ്വാധീനമുള്ള പാർട്ടിയാണ് ബിജെപിയെന്നും ജെപി നദ്ദ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഇതിനെ സാധൂകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്ക് കിഴക്കൻ ഇന്ത്യയിൽ ഒരു പാർട്ടി ജയിച്ചാൽ തെക്കേ ഇന്ത്യയിൽ അതേ പാർട്ടിക്ക് ജയിക്കാൻ സാധിച്ചെന്ന് വരില്ല, അതുപോലെ തന്നെയാണ് ഹിന്ദി ഹൃദയഭൂമിയുടെ കാര്യവും. എന്നാൽ ഇത്തവണ ദേശവ്യത്യാസമില്ലാതെ, രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ ആവശ്യപ്പെടുകയാണ്. കിഴക്കിലും, വടക്കിലും, തെക്കിലും, എന്ന് തുടങ്ങി രാജ്യത്താകമാനം തഴച്ചുവളരുന്ന പാർട്ടിയായി ബിജെപി മാറി. പാൻ ഇന്ത്യൻ പാർട്ടിയായി വൻ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് ഏകദേശം 1,500-ഓളം രാഷ്‌ട്രീയ പാർട്ടികളുണ്ട്. ഇവയിൽ മിക്കതും അവരുടെ അജണ്ടകൾ നടപ്പിലാക്കുന്നതിലാണ് തൽപരരായിട്ടുള്ളത്. എന്നാൽ എല്ലാവരിലേക്കും വികസനമെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കെൽപ്പ് പാർട്ടിക്കും പ്രവർത്തകർക്കുമുണ്ട്. ബിജെപിക്ക് നേതാവില്ലെന്നും എല്ലാവരും പ്രവർത്തകരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോൺഗ്രസിനെ പരാന്നസസ്യത്തോടും ജെപി നദ്ദ താരതമ്യപ്പെടുത്തി. പ്രാദേശിക പാർട്ടികളുടെ സഹായത്തോടെയാണ് കോൺഗ്രസിന്റെ നിലനിൽപ്പെന്നും പിന്നാലെ അവയെ ഇല്ലാതാക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ പരിഹസിച്ചു.