തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവും കപ്പലും കാണാനെത്തിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. ചൊവ്വര സ്വദേശി അജേഷ് (26) ആണ് തിരയിൽപ്പെട്ടത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവും കപ്പലും കാണാൻ കുടുംബത്തിനൊപ്പം എത്തിയ അജേഷ് ചിത്രങ്ങൾ എടുക്കുന്നതിനായി പാറക്കെട്ടിന് മുകളിൽ കയറി നിൽക്കുകയായിരുന്നു. ഇതിനിടയിൽ ശക്തമായി തിരമാലയടിക്കുകയും യുവാവ് കടലിലേക്ക് വീഴുകയും ചെയ്തു. പുളുങ്കുടി എ.ആർ ക്യാമ്പിന് സമീപത്തെ ആവണങ്ങാപാറയിൽ നിന്നാണ് യുവാവ് വീണത്.
അജേഷും, ഭാര്യയും, മക്കളും, സുഹൃത്തുക്കളുമാണ് ആവണങ്ങ പാറയിൽ തുറമുഖം കാണാനെത്തിയത്. കരയോട് ചേർന്നുള്ള ഭാഗത്തെ പാറപ്പുറത്താണ് ഭാര്യയും മക്കളും നിന്നിരുന്നത്. എന്നാൽ കടലിലേക്കുള്ള പാറപ്പുറത്താണ് അജേഷ് നിന്നിരുന്നത്. ഇതിനിടയിൽ ശക്തമായി തിരമാലയടിക്കുകയായിരുന്നു. കടലിൽ വീണ അജേഷ് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ശക്തമായ തിരയിൽ വിഫലമാകുകയായിരുന്നു.
കോസ്റ്റൽ പൊലീസും അഗ്നിശമന സേനയും അജേഷിനായുള്ള തെരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ കേസെടുത്തതായി പൊലീസ് പറഞ്ഞു.