വാഷിംഗ്‌ടൺ: മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡോണൾഡ് ട്രംപിന് നേരെ വധ ശ്രമമുണ്ടായ പെൻസിൽവാനിയയിലെ റാലിയിൽ ഒരുക്കിയിരുന്ന സുരക്ഷാ നടപടികളിൽ സ്വതന്ത്രമായ അവലോകനം നടത്താൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സീക്രട്ട് ഏജൻസി തലവനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വൈറ്റ് ഹൗസിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വിലയിരുത്തുന്നതിന് ഇന്നലെ നടന്ന റാലിയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഒരു സ്വതന്ത്ര അവലോകനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ കണ്ടെത്തലുകൾ ഞങ്ങൾ അമേരിക്കയിലെ ജനങ്ങളുമായി പങ്കിടും,” ബൈഡൻ പറഞ്ഞു.
ട്രംപിനെതിരെ കഴിഞ്ഞ ദിവസമുണ്ടായ വധശ്രമത്തിന് ശേഷമുള്ള ബൈഡന്റെ രണ്ടാമത്തെ പരസ്യ പ്രസ്താവനയാണിത്. മിൽവാക്കിയിൽ ഈ ആഴ്ച നടക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷന് മുന്നോടിയായി സുരക്ഷാ നടപടികൾ അവലോകനം ചെയ്യാൻ അദ്ദേഹം യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവിയോട് നിർദ്ദേശിച്ചതായാണ് വിവരം. ട്രംപും സംഘവും ആവശ്യപ്പെടുന്ന എല്ലാ സുരക്ഷാ, രഹസ്യ സേവനങ്ങളും നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബൈഡൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക്ക് പാർട്ടി നേതാവും യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന റാലിയിൽ പ്രസംഗിക്കവെ ട്രംപിന് നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു.സംഭവത്തിൽ അദ്ദേഹത്തിന്റെ വലത് ചെവിക്ക് പരിക്കേറ്റിരുന്നു. 20-കാരനായ തോമസ് മാത്യു ക്രൂക്ക്സ് ആണ് ട്രംപിനെ കൊല്ലാൻ ശ്രമിച്ചതെന്നാണ് കണ്ടെത്തൽ. ഇയാളെ സീക്രട്ട് ഏജൻസി ഉദ്യോഗസ്ഥർ വധിച്ചിരുന്നു.