ശ്രീനഗർ: സമാധാനത്തിന്റെ പാതയിൽ പുതിയ ചുവടുവയ്പ്പായി കശ്മീരിൽ മുഹറം ഘോഷയാത്ര. ഗുരുബസാറിൽ നിന്ന് ശ്രീനഗറിലെ ദാൽഗേറ്റിലേക്കുള്ള പരമ്പരാഗത പാതയിലൂടെ നടന്ന ഘോഷയാത്രയിൽ ആയിരക്കണക്കിന് ഷിയാ മുസ്ലീങ്ങൾ പങ്കെടുത്തു.
33 വർഷമായി മുടങ്ങി കിടന്ന ഘോഷയാത്ര കഴിഞ്ഞ വർഷമാണ് ഭരണകൂടത്തിന്റെ അനുമതിയോടെ പുനരാരംഭിച്ചത്. കഴിഞ്ഞ വർഷത്തെ പോലെ സമാധാനപരമായി ഘോഷയാത്ര നടത്തുമെന്ന് സംഘാടകർ ഉറപ്പ് നൽകിയതോടെയാണ് അധികൃതർ ഇത്തവണയും അനുമതി നൽകിയത്.
മുസ്ലീം ഭൂരിപക്ഷ പ്രദേശമായിട്ടും 1989 മുതൽ മുഹറം ഘോഷയാത്രകൾ നടത്താൻ ഷിയകൾക്ക് കഴിഞ്ഞിരുന്നില്ല. കശ്മീരിൽ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം ശക്തമാക്കുകയും സുരക്ഷാ സേനകൾക്ക് നേരെ ആക്രമണം പതിവാക്കുകയും ചെയ്തതിന് പിന്നാലെയാണ് മുഹറം ഘോഷയാത്രയ്‌ക്ക് അനുമതി കിട്ടാതായത്.
ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിനു ശേഷം കശ്മീർ വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പാതയിലേക്ക് മടങ്ങി വരികയാണ്. 34 വർഷത്തിന് ശേഷം കശ്മീരിലെ ഉമാ ഭഗവതി ക്ഷേത്രം കഴിഞ്ഞ ദിവസാണ് ഭക്തർക്ക് തുറന്നു കൊടുത്തത്. കശ്മീരി പണ്ഡിറ്റുകളുടെ ദേവതയാണ് ഉമാ ദേവി. 1990-ൽ താഴ്‌വരയിൽ കലാപം കത്തിപ്പടർന്ന കാലത്താണ് ഉമാദേവി ക്ഷേത്രം തകർക്കപ്പെട്ടത്. പുനരുദ്ധാരണത്തിന് പിന്നാലെ കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ സാന്നിധ്യത്തിലാണ് ക്ഷേത്രം തുറന്ന് പൂജകൾ നടത്തിയത് .