മയാമി; കൊളംബിയയെ ഒരു ഗോളിന് തകർത്ത് കോപ്പയും ആരാധകരുടെ മനസും നിറച്ച് കിരീടം നിലനിർത്തി അർജന്റീന. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിന്റെ ആദ്യപകുതിയും ഗോൾരഹിതമായിരുന്നു. 112- മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് നേടിയ ഗോളാണ് അർജന്റീനയ്‌ക്ക് കിരീടം സമ്മാനിച്ചത്. ദേശീയ കുപ്പായത്തിൽ അവസാന മത്സരത്തിനിറങ്ങിയ എയ്ഞ്ചൽ ഡി മരിയക്ക് അർഹിച്ച വിടവാങ്ങലാണ് മെസിയും സംഘവും ഒരുക്കിയത്.
ഡീപോൾ നൽകിയ പന്ത് സെൽസോ ബോക്‌സിലേക്ക് നൽകിയതാണ് വിജയഗോളിന് വഴി തുറന്നത്. പരിക്ക് മൂലം രണ്ടാം പകുതിയിൽ മെസി പുറത്തുപോകേണ്ടി വന്നത് അർജന്റീനിയയ്‌ക്ക് തിരിച്ചടിയായിരുന്നു. കണ്ണീരോടെയാണ് മെസി കളം വിട്ടത്. പക്ഷെ കിരീടനേട്ടത്തിലൂടെ ആ കണ്ണീർ പുഞ്ചിരിക്ക് വഴിമാറുന്നതാണ് ആരാധകർ പിന്നീട് കണ്ടത്. പുറത്തുപോകും വരെ അർജന്റീനയ്‌ക്ക് ഗോളവസരങ്ങളൊരുക്കാൻ പലതവണ മെസി ശ്രദ്ധേയമായ നീക്കങ്ങൾ നടത്തിയിരുന്നു. 65-ാം മിനിറ്റിലാണ് പരിക്കിനെ തുടർന്ന് മെസിയെ പിൻവലിച്ചത്.
ആക്രമണത്തിലും പ്രത്യാക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം ഇരുകൂട്ടരും ബലാബലം നിന്നപ്പോൾ ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിൽ ഗോളുകൾ മാത്രം അകന്നു നിന്നു. അർജന്റീനയ്‌ക്കായി 75 ാം മിനിറ്റിൽ നിക്കോളാസ് ഗോൾസാലസ് വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ആയതിനാൽ ഗോൾ നിഷേധിക്കുകയായിരുന്നു. 87 ാം മിനിറ്റിൽ നിക്കോളാസിന്റെ തന്നെ ഉഗ്രൻ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോകുകയും ചെയ്തു.
ഏറ്റവും കൂടുതൽ സമയം പന്ത് കൈവശം വെച്ചതും മുന്നേറ്റങ്ങൾ നടത്തിയതും കൊളംബിയ ആയിരുന്നു. അർജന്റീനയുടെ തുടർച്ചയായ രണ്ടാം കോപ്പ കിരീടമാണിത്. ഖത്തർ ലോകകപ്പിലേതുപോലെ തന്നെ ഇക്കുറിയും ട്രോഫിയുമായി മെസിയുടെയും കൂട്ടരും മൈതാനത്ത് നടത്തിയ ആഘോഷം ആരാധകർക്ക് ആവേശമായി. ട്രോഫി ഏറ്റുവാങ്ങാനും ആഘോഷത്തിൽ പങ്കുചേരാനും മെസിയും എത്തിയിരുന്നു. അർജന്റീനയുടെ പതിനാറാം കിരീടമാണിത്.
2008 ലും 2012 ലും യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ സ്‌പെയിനോട് തുല്യമായ നേട്ടമാണ് അർജന്റീന സ്വന്തമാക്കിയത്. എമിലിയാനോ മാർട്ടിനസ് ആണ് മികച്ച ഗോൾകീപ്പർക്കുളള പുരസ്‌കാരം നേടിയപ്പോൾ ലൗട്ടാരോ ടോപ്പ് സ്‌കോററായി.