തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മേയർക്കെതിരെ ഗുരുതര ആരോപണവുമായി നഗരസഭാ കൗൺസിലർ. മൃതദേഹം കണ്ടെത്തിയ സമയം തന്നെ ആര്യ രാജേന്ദ്രനെ വിളിച്ചതാണെന്നും എന്നാൽ മേയർ ഫോൺ എടുത്തില്ലെന്നും കൗൺസിലറായ രാജേന്ദ്രൻ ജനം ടിവിയോട് പ്രതികരിച്ചു.
“ഞാൻ മേയറെ വിളിച്ചു. എന്നാൽ മേയർ എടുത്തില്ല. അതിന് ശേഷമാണ് വഞ്ചിയൂർ സ്റ്റേഷനിലും ഫയർഫോഴ്സിനെയും വിളിക്കുന്നത്. ഫയർഫോഴ്സ് തിരിച്ചുവിളിച്ച് വരികയായിരുന്നു. കോർപ്പറേഷൻ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. അവരാണ് എന്നെ വിളിച്ചു പറഞ്ഞത്. എല്ലാ യോഗത്തിലും ഞാൻ ഈ മാലിന്യ പ്രശ്നം ഉന്നയിക്കാറുള്ളതാണ്. അപ്പോഴെല്ലാം എന്നെ കളിയാക്കും. ആമയിഴഞ്ചാൻ തോടല്ലാതെ നിങ്ങൾക്ക് ഒന്നും പറയാനില്ലേ എന്ന് പറഞ്ഞു പരിഹസിക്കും. പക്ഷേ ഇതിന്റെ സത്യാവസ്ഥ എനിക്കറിയാമായിരുന്നു”.
” റെയിൽവേയുടെ തലയിൽ കുറ്റം ചുമത്തരുത്. കോർപ്പറേഷനാണ് മാലിന്യം നീക്കേണ്ടത്. 2015-ലും നഗരസഭയാണ് അവിടെ ക്ലീൻ ചെയ്തത്. അതിനു മുൻപും അങ്ങനെ തന്നെ.2013-ൽ ഞാൻ കൗൺസിലർ ആയിരിക്കുമ്പോൾ ചന്ദ്രിക മാഡം ആയിരുന്നു മേയർ. അവരുടെ നേതൃത്വത്തിൽ അന്ന് ശുചീകരണം നടത്തിയിരുന്നു. മേയർ ആര്യ രാജേന്ദ്രൻ പറയുന്നത് ഒന്നും ശരിയല്ല”-കൗൺസിൽ പറഞ്ഞു.