തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മലിനീകരണത്തിന് എതിരായുള്ള യുദ്ധമാണ് സമൂഹം നടത്തേണ്ടതെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം. അത് വകുപ്പുകൾക്ക് മാത്രമല്ല, ഓരോ വ്യക്തികൾക്കുമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മാലിന്യനിർമ്മാർജ്ജനത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനും ഉണ്ടാകണം. മുഖ്യമന്ത്രിയുമായും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ഇത് സംബന്ധിച്ചുള്ള കൂടിയാലോചനകൾ നടന്നിരുന്നു. കുറച്ച് കഴിഞ്ഞ് സംഭവത്തിന്റെ വിശദാംശങ്ങൾ പറയാനാകും. വീഴ്ചകൾ പരിശോധിക്കും. ഏത് ദുരന്തത്തിലും ദുരന്ത ബാധിതരായ ആളുകൾക്ക് നഷ്ടപരിഹാരം നൽകും.
മൃതദേഹത്തിന്റെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. മൃതദേഹം ജോയിയുടേതാണെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നാൽ മാത്രമേ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. മന്ത്രിസഭയുമായി ചർച്ച ചെയ്ത് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
2010 മുതൽ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കാൻ നഗരസഭയോട് ആവശ്യപ്പെടുന്നതായി കൗൺസിലർ രാജേന്ദ്രൻ പ്രതികരിച്ചു. രാവിലെ എട്ട് മണിയോട് കൂടിയാണ് മൃതദേഹം കണ്ടത്. നാട്ടുകാരാണ് തന്നെ വിവരം അറിയിച്ചത്. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഫയർ ഫോഴ്സിനെ ഉടൻ തന്നെ വിളിച്ചു. മേയറിനെ മൂന്ന് തവണ വിളിച്ചിട്ട് ഫോൺ എടുത്തില്ല.
മാലിന്യത്തിൽ വന്ന് തട്ടിയ നിലയിലാണ് മൃതദേഹം കിടന്നത്. മനുഷ്യ ശരീരം ആണെന്ന് തോന്നാത്ത രീതിയിലായിരുന്നു മൃതദേഹം. മാലിന്യം കൊണ്ട് തള്ളാതെ എന്തെങ്കിലും നടപടി സ്വീകരിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നും കൗൺസിലർ പറഞ്ഞു.















