കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്തി. എ ആർ ക്യാമ്പ് ഡ്രൈവർ കെ സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനായ അനിലിനെയാണ് പൊലീസ് ഉദ്യോഗസ്ഥൻ അപായപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ സന്തോഷ് കുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടേതാണ് നടപടി. പെട്രോൾ അടിച്ച ശേഷം മുഴുവൻ പണവും നൽകാതെ പോകാൻ ശ്രമിച്ച ഇയാളെ പെട്രോൾ പമ്പ് ജീവനക്കാരൻ തടഞ്ഞതോടെ ഇയാൾ പ്രകോപിതനാകുകയായിരുന്നു. പെട്രോൾ അടിച്ച പണത്തിന്റെ ബാക്കി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പമ്പ് ജീവനക്കാരൻ അനിൽ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലേക്ക് എആർ ക്യാമ്പിലെ ഡ്രൈവറായ സന്തോഷ് കുമാർ തന്റെ സ്വന്തം കാറിലാണ് എത്തിയത്. 2,100 രൂപയ്‌ക്ക് പെട്രോൾ അടിച്ച ശേഷം 1,900 രൂപയാണ് ഇയാൾ നൽകിയത്. തുടർന്ന് ബാക്കി ചോദിച്ചപ്പോൾ വണ്ടിയിൽ നിന്ന് തിരിച്ചെടുക്കൂവെന്നാണ് സന്തോഷ് കുമാർ മറുപടി നൽകിയത്.
പിന്നീട് സ്ഥലത്ത് നിന്ന് പോകാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ ജീവനക്കാരൻ തടഞ്ഞു. തുടർന്ന് പ്രകോപിതനായ സന്തോഷ് കുമാർ ജീവനക്കാരനെ കാറിന്റെ ബോണറ്റിലിരുത്തി വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. 600 മീറ്ററോളമാണ് ഉദ്യോഗസ്ഥനെയും കൊണ്ട് വാഹനം മുന്നോട്ട് നീങ്ങിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.