ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവകുമാർ സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. കർണാടക ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ താല്പര്യമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
ജസ്റ്റിസ് ബേല എം ത്രിവേദി എസ് സി ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 2023 ഒക്ടോബറിൽ കേസ് റദ്ദാക്കണമെന്ന ഡികെ ശിവകുമാറിന്റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീകോടതിയെ സമീപിച്ചത്.
കേസന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി സിബിഐക്ക് നിർദ്ദേശം നൽകിയിരുന്നു. 2013 നും 2018 നും ഇടയിൽ ഡികെ ശിവകുമാർ തന്റെ വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത രീതിയിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഈ കാലയളവിൽ അദ്ദേഹം മുൻ കോൺഗ്രസ് സർക്കാരിലെ മന്ത്രിയായിരുന്നു.
2020 സെപ്തംബർ 3 ന് സിബിഐ കേസിൽ എഫ്ഐആർ ഫയൽ ചെയ്തു. ഇതിനെതിരെ ശിവകുമാർ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല വിധി സമ്പാദിക്കാനായില്ല. ആദായനികുതി അന്വേഷണത്തിന് ശേഷം ഉയർന്നുവന്ന അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 3 നാണ് ശിവകുമാറിനെതിരെ സിബിഐ അനധികൃത സ്വത്ത് സമ്പാദനക്കേസ് രജിസ്റ്റർ ചെയ്തത്.















