തിരുവനന്തപുരം: ആമഴിഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടെ ഒഴുക്കിപെട്ട് മരണമടഞ്ഞ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകൾ.
48 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജോയിയെ കാണാതായ പ്രദേശത്ത് നിന്ന് ഒന്നര കിലോമീറ്റർ അകലെ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. റെയിൽവേ ടണൽ കടന്ന് ഒരു കിലോമീറ്ററോളം ഒഴുകിയെത്തി മാലിന്യ കൂമ്പാരത്തിൽ തട്ടി തടഞ്ഞ് നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ജോയിയുടെ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൂന്നരയോടെയായിരുന്നു സംസ്കാരം. 1,500 രൂപ വേതനത്തിന് വേണ്ടിയാണ് ജോയി ശുചീകരണത്തിനിറങ്ങിയത്. ഏക ആശ്രയമായിരുന്ന മകനെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് രോഗിയായ അമ്മ മെൽഹി.















