ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്ന ആം ആദ്മി പാർട്ടി നേതാക്കളുടെ വാദം തളളി തിഹാർ ജയിൽ അധികൃതർ. കെജ്‌രിവാളിന്റെ ശരീരഭാരം കുറഞ്ഞുവരുന്നതായും ആരോഗ്യനില അപകടത്തിലാണെന്നും ആയിരുന്നു ആം ആദ്മി പാർട്ടിയുടെ വാദം. കൃത്യമായ ഡയറ്റ് പ്ലാൻ പിന്തുടരുന്നുണ്ടെന്നും കെജ്‌രിവാളിന്റെ വീട്ടിൽ നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നതെന്നും ജയിൽ അധികൃതർ പറഞ്ഞു.
കെജ്‌രിവാളിന്റെ ഭാരം ഗണ്യമായി കുറയുന്നുവെന്നും രക്തത്തിൽ പഞ്ചസാരയുടെ അളവ് അപകടകരമായ തോതിൽ കുറഞ്ഞുവെന്നുമായിരുന്നു ആംആദ്മി പാർട്ടി നേതാക്കൾ ഉന്നയിച്ച വാദം. എന്നാൽ കൃത്യമായി ഭക്ഷണം കഴിക്കാതെ ഭാരം കുറയ്‌ക്കാനും രോഗബാധിതനാകാനുമാണ് കെജ്‌രിവാൾ ശ്രമിക്കുന്നതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. ജയിലിൽ അന്തേവാസികളുടെ ആരോഗ്യനില കൃത്യമായി പരിശോധിച്ചു വരുന്നുണ്ട്. അദ്ദേഹത്തെ പരിചരിക്കാനായി പ്രത്യേകം ഡോക്ടർമാരുണ്ടെന്നും അവരുടെ നിർദേശപ്രകാരമാണ് ഭക്ഷണം നൽകുന്നതെന്നും ജയിൽ അധികൃതർ പറഞ്ഞു.
നിലവിൽ അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആഴ്ചയിൽ മൂന്ന് ദിവസം അദ്ദേഹത്തിന് വീട്ടിൽ നിന്ന് പാചകം ചെയ്ത ഭക്ഷണം നൽകുന്നുണ്ട്. ആരോഗ്യ വിദഗ്ധർ നിർദേശിച്ച ഭക്ഷണങ്ങൾ മാത്രമേ ജയിലിൽ അനുവദിക്കുകയുള്ളൂ. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും അരവിന്ദ് കെജ്‌രിവാളിനില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, അരവിന്ദ് കെജ്‌രിവാളിന് ഭക്ഷണം നൽകാതെ ജയിൽ അധികൃതർ ദ്രോഹിക്കുന്നുവെന്നും അദ്ദേഹത്തെ കോമയിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നതെന്നുമാണ് ആംആദ്മിയുടെ വാദം. 70 കിലോ ഗ്രാമിൽ നിന്ന് 61 കിലോഗ്രാമിലേക്ക് കെജ്‌രിവാളിന്റെ ഭാരം കുറഞ്ഞെന്നാണ് എഎപിയുടെ വാദം.